ഇര്‍ഫാന്‍ ഖാനും ഋഷി കപൂറിനുമെതിരായ ട്വീറ്റ്: നടന്‍ കമാല്‍ ആര്‍.ഖാന്‍ അറസ്റ്റില്‍

വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് ചോദ്യം ചെയ്യലിന് ശേഷം മലാഡ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

Update: 2022-08-30 05:46 GMT
Editor : Jaisy Thomas | By : Web Desk
Advertising

മുംബൈ: അന്തരിച്ച ബോളിവുഡ് താരങ്ങളായ ഇര്‍ഫാന്‍ ഖാനും ഋഷി കപൂറിനുമെതിരെ 2020ല്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് നടനും സിനിമാനിരൂപകനുമായ കമാല്‍ ആര്‍.ഖാന്‍ അറസ്റ്റില്‍. ട്വിറ്ററിലൂടെയായിരുന്നു കെ.ആര്‍.കെയുടെ പരാമര്‍ശം. വിമാനത്താവളത്തിൽ വച്ച് മലാഡ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവസേന അംഗം രാഹുൽ കനാൽ ആണ് ഖാനെതിരെ മലാഡ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. ഇർഫാനും ഋഷി കപൂറിനുമെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ 2020ൽ കെ.ആര്‍.കെയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഋഷി കപൂര്‍ ചികിത്സയിലായിരിക്കുന്ന സമയത്താണ് കെ.ആര്‍.കെ താരത്തിനെതിരെ അപകീർത്തികരമായ പരാമര്‍ശം നടത്തിയത്. ഇര്‍ഫാനും ആശുപത്രിയില്‍ കഴിയുമ്പോഴാണ് അധിക്ഷേപകരമായ ട്വീറ്റുകൾ പോസ്റ്റ് ചെയ്തത്. ഐപിസി 153 എ, 294, 500, 501, 505, 67, 98 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. നടനെ ഇന്ന് രാത്രി 11 മണിക്ക് ബോറിവലി കോടതിയിൽ ഹാജരാക്കും. "എന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കമാൽ ആർ. ഖാനെ ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈ പൊലീസിന്‍റെ നടപടിയെ ഞാൻ സ്വാഗതം ചെയ്യുന്നു. അദ്ദേഹം സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തു. അത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇയാളെ അറസ്റ്റ് ചെയ്തതിലൂടെ അത്തരക്കാർക്കെതിരെ ശക്തമായ സന്ദേശമാണ് മുംബൈ പൊലീസ് നൽകിയത്'' രാഹുൽ കനാൽ ട്വീറ്റ് ചെയ്തു. ഒപ്പം പൊലീസിന് നല്‍കിയ പരാതിയുടെ പകര്‍പ്പും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.


വിവാദപ്രസ്താവനകളിലൂടെ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള നടനാണ് കമാല്‍ ആര്‍.ഖാന്‍. ഹിന്ദി,ഭോജ്പുരി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള കെ.ആര്‍.കെ നിര്‍മാതാവ് കൂടിയാണ്.  മുന്‍പ് മോഹന്‍ലാലിനെ അധിക്ഷേപിച്ചതിന്‍റെ പേരില്‍ കെ.ആര്‍.കെ മലയാളികളുടെ ട്രോളുകള്‍ക്ക് ഇരയായിരുന്നു. ഛോട്ടാ ഭീം എന്നാണ് ലാലിനെ കെ.ആര്‍.കെ വിളിച്ചത്. കാഴ്ചയില്‍ ഛോട്ടാ ഭീമിനെപ്പോലെയാണ് മോഹന്‍ലാലെന്നും അദ്ദേഹത്തിനെങ്ങനെ ഭീമസേനനെ അവതരിപ്പിക്കാനാവുമെന്നുമായിരുന്നു കെആര്‍കെയുടെ വിവാദ ട്വീറ്റ്. ഒടുവില്‍ കമാല്‍ ഖാന്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയുകയായിരുന്നു. മമ്മൂട്ടിയെ സി ക്ലാസ് നടനെന്ന് വിശേഷിപ്പിച്ചതും വിവാദമായിരുന്നു. ആമിര്‍ ഖാനും ബാഹുബലിക്കുമെതിരെയും താരം വിമര്‍ശങ്ങള്‍ ഉയര്‍ത്തിയിരുന്നു. 

ഈയിടെ കെജിഎഫ് 2വിനെതിരെയും കമാല്‍ തിരിഞ്ഞിരുന്നു. വെറുതെ പണം കളയാന്‍ എടുത്ത സിനിമയാണ് കെജിഎഫെന്നാണ് കമാല്‍ ട്വീറ്റ് ചെയ്തത്.'ഇന്ത്യൻ മിലിട്ടറിക്കോ എയർഫോഴ്സിനോ റോക്കിക്കെതിരെ ഒന്നും ചെയ്യാനാകുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫിസിലെത്തി അവരെ വരെ വെല്ലുവിളിക്കുന്നു. കൊള്ളാം പ്രശാന്ത് ഭായി (പ്രശാന്ത് നീൽ). ഇങ്ങനെയാണെങ്കിൽ ഇന്ത്യ എങ്ങനെ പാകിസ്താനെയും ചൈനയെയും നേരിടും.' എന്നായിരുന്നു കെആർകെയുടെ ട്വീറ്റ് . തല പെരുക്കുന്ന സംഭാഷണങ്ങളാണ് സിനിമയിലേതുമെന്നാണ് മറ്റൊരു വിമര്‍ശം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News