ഹിമാചലിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി സ്ഥാനാർത്ഥിയായി കങ്കണ റണാവത്തും പരിഗണനയിൽ
ഹിമാചൽപ്രദേശിലെ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ബോളിവുഡ് നടി കങ്കണ റണാവത്തിനേയും ബി.ജെ.പി പരിഗണിക്കുന്നുവെന്ന് സൂചന. കഴിഞ്ഞ മാർച്ചിൽ രാമസ്വരൂപ് ശർമയുടെ വിയോഗത്തോടെ ഒഴിവ് വന്ന മാണ്ഡി മണ്ഡലത്തിലേക്കാണ് കങ്കണയെ പരിഗണിക്കുന്നത്.. മാണ്ഡിക്ക് പുറമെ ഫത്തേപ്പൂർ, ജുബ്ബൽ കോട്ട്കായ്, ആർകി തുടങ്ങിയ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക തയ്യാറാക്കാനായി ബി.ജെ.പിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി വൈകാതെ ധരംശാലയിൽ യോഗം ചേരും.സ്ഥാനാർഥിയാകാനുള്ള താൽപര്യം കങ്കണ പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. മാണ്ഡി ജില്ലയിലെ ഭാംബിലയാണ് കങ്കണയുടെ ജന്മദേശം. മാണ്ഡി മണ്ഡലത്തിന് കീഴിൽ തന്നെ വരുന്ന മണാലിയിൽ കങ്കണ പുതിയ വീട് നിർമ്മിച്ചിട്ടുണ്ട്.
ബി.ജെ.പി നേതാവ് പങ്കജ് ജാംവാൽ, വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാവ് അജയ്, മുഖ്യമന്ത്രി ജയ് റാം താക്കൂറിന്‍റെ വിശ്വസ്തൻ നിഹാൽ ചന്ദ്, കാർഗിൽ യുദ്ധനായകൻ കുശാൽ താക്കൂർ എന്നിവരാണ് മാണ്ഡി മണ്ഡലത്തിൽനിന്നും സ്ഥാനാർഥികളായി പരിഗണിക്കപ്പെടുന്ന മറ്റുള്ളവർ. കങ്കണ സ്ഥാനാർഥിയാവുന്നതിനോട് പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.