'നുണകള്‍ക്ക് മേല്‍ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വ'യെന്ന് ട്വീറ്റ്: നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍
ചേതനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ബംഗളൂരു: ഹിന്ദുത്വത്തെ കുറിച്ചുള്ള ട്വീറ്റിന്‍റെ പേരില്‍ കന്നഡ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍. 'നുണകള്‍ക്ക് മേല്‍ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വ' എന്ന് ട്വീറ്റ് ചെയ്തതിനാണ് അറസ്റ്റ്. ചേതനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ശേഷാദ്രിപുരം പൊലീസാണ് ചേതനെ അറസ്റ്റ് ചെയ്തത്.
ചേതന്‍ അഹിംസ എന്നറിയപ്പെടുന്ന ചേതന്‍ കുമാര്‍ ദലിത് ആക്റ്റിവിസ്റ്റ് കൂടിയാണ്. ചേതന്‍റെ പരാമര്‍ശം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിക്കു പിന്നാലെയാണ് അറസ്റ്റ്. ഒരു മതത്തെയോ മതവിശ്വാസത്തെയോ അവഹേളിച്ചു, സമൂഹത്തില്‍ സ്പര്‍ദ്ധ വളർത്തുന്ന പ്രസ്താവനകൾ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചേതനെതിരെ ചുമത്തിയത്. ചേതന്‍ കുമാര്‍ മാര്‍ച്ച് 20നാണ് അറസ്റ്റിന് ആസ്പദമായ ട്വീറ്റ് ചെയ്തത്. നുണകളിൽ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വമെന്നും ഹിന്ദുത്വത്തെ തോല്‍പ്പിക്കാന്‍ സത്യത്തിനേ കഴിയൂ എന്നും ട്വീറ്റില്‍ പറയുന്നു.
"നുണകളിൽ കെട്ടിപ്പടുത്തതാണ് ഹിന്ദുത്വം
സവർക്കർ: രാമൻ രാവണനെ തോൽപ്പിച്ച് അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ ഇന്ത്യൻ 'രാഷ്ട്രം' ആരംഭിച്ചു - നുണ
1992: ബാബറി മസ്ജിദ് 'രാമന്റെ ജന്മസ്ഥലം' - നുണ
2023: ഉറിഗൗഡ-നഞ്ചെഗൗഡ ടിപ്പുവിന്റെ 'കൊലയാളികൾ'- നുണ
സത്യത്താൽ ഹിന്ദുത്വയെ പരാജയപ്പെടുത്താം- സത്യം സമത്വമാണ്"- എന്നാണ് ചേതന്‍റെ ട്വീറ്റ്.
കഴിഞ്ഞ വര്‍ഷവും ചേതനെ അറസ്റ്റ് ചെയ്തിരുന്നു. ഹിജാബ് കേസുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തി എന്നായിരുന്നു കേസ്.
Summary- Kannada actor Chetan Kumar, popularly known as Chetan Ahimsa, has been arrested by Bengaluru police after his tweet on Hindutva.