കര്‍ണാടക ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്: മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസിലേക്ക്
ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബി.ജെ.പി എം.എൽ.സിയാണ് ബാബുറാവു ചിഞ്ചൻസുർ
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ബി.ജെ.പിയെ ഞെട്ടിച്ച് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. മുതിര്‍ന്ന ബി.ജെ.പി നേതാവ് ബാബുറാവു ചിഞ്ചൻസുർ പാര്‍ട്ടിവിട്ടു. അദ്ദേഹം മാര്‍ച്ച് 25ന് കോണ്‍ഗ്രസില്‍ ചേരും. ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബി.ജെ.പി ലെജിസ്ലേറ്റീവ് കൌണ്‍സില്‍ അംഗമാണ് ബാബുറാവു ചിഞ്ചൻസുർ. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച പുട്ടണ്ണ എന്ന എം.എൽ.സിയും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.
നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു ബാബുറാവു ചിഞ്ചൻസുർ. 2008 മുതല്‍ 2018 വരെ കലബുര്‍ഗിയിലെ ഗുര്‍മിത്കല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും അദ്ദേഹം വിജയിച്ചു. സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അദ്ദേഹം. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ചിഞ്ചൻസുർ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കലബുര്‍ഗിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാജയം ഉറപ്പാക്കുന്നതില്‍ ചിഞ്ചൻസുർ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ചിഞ്ചൻസുർ കോൺഗ്രസിൽ നിന്ന് വന്നയാളാണെന്നും ആ പാർട്ടിയിലേക്ക് മടങ്ങുകയാണെന്നുമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പ്രതികരണം. ഗുർമിത്കൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമാണെന്നും ചിഞ്ചൻസുർ ബി.ജെ.പി വിടുന്നത് അവിടെ പാർട്ടിയുടെ സാധ്യതകളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ നിരവധി ബി.ജെ.പി നേതാക്കള്‍ പാർട്ടി വിട്ട് കോൺഗ്രസിലെത്തി. രണ്ട് മുൻ എം.എൽ.എമാരും മൈസൂരു മുൻ മേയറും കോൺഗ്രസിൽ ചേർന്നു. കൊല്ലഗൽ മുൻ എം.എൽ.എ ജി.എൻ നഞ്ചുണ്ടസ്വാമി, വിജയപുര മുൻ എം.എൽ.എ മനോഹർ ഐനാപൂർ, മൈസൂരു മുൻ മേയർ പുരുഷോത്തം എന്നിവരാണ് അടുത്ത കാലത്ത് ബി.ജെ.പി വിട്ടത്.
Summary- The ruling Bharatiya Janata Party legislative council member Baburao Chinchansur quit the BJP and has decided to join the Congress