കർണാടകയിൽ ബസവരാജ് ബൊമ്മൈയുടെ കാർ തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംഘത്തിന്‍റെ പരിശോധന
ദൊഡ്ഡബല്ലപൂരിലെ ശ്രീ സുബ്രമണ്യ ക്ഷേത്രത്തിൽ സന്ദർശനം നടത്താൻ തിരിച്ചതായിരുന്നു ബൊമ്മൈ
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കാറിൽ പരിശോധന. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡാണ് ഇന്ന് ബൊമ്മൈയുടെ കാർ തടഞ്ഞുനിർത്തി പരിശോധിച്ചത്.
ദൊഡ്ഡബല്ലപൂരിലെ ശ്രീ സുബ്രമണ്യ ക്ഷേത്രത്തിൽ സന്ദർശനം നടത്താൻ തിരിച്ചതായിരുന്നു ബൊമ്മൈ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പരിശോനയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ബുധനാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് പത്തിന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.
224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷികളായ കോൺഗ്രസും ജനതാദളും(സെക്യുലർ-ജെ.ഡി.എസ്) ഒറ്റയ്ക്കാണ് ഇത്തവണ മത്സരിക്കുന്നത്.
Summary: Karnataka CM Basavaraj Bommai's car searched by Election Commission's flying squad