മൈസൂരു കൂട്ടബലാത്സംഗം: കര്‍ണാടക ആഭ്യന്തര മന്ത്രിയുടെ 'തമാശ' വിവാദത്തില്‍
മൈസൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ വിദ്യാര്‍ഥിനിയുടെ ആരോഗ്യനില ഗുരുതരമാണ്
മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പരാമര്‍ശം വിവാദത്തില്‍. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചപ്പോഴായിരുന്നു വിവാദ പരാമര്‍ശം.
'ബലാത്സംഗം നടന്നത് മൈസൂരുവില്‍. പക്ഷേ കോണ്‍ഗ്രസുകാര്‍ ഇവിടെ ആഭ്യന്തര മന്ത്രിയെ ബലാത്സംഗം ചെയ്യാന്‍ നോക്കുന്നു. സംഭവം രാഷ്ട്രീയവല്‍ക്കരിക്കുകയാണിവര്‍.'
പരാമര്‍ശം വിവാദമായപ്പോള്‍ മന്ത്രി നല്‍കിയ വിശദീകരണം വീണ്ടും വിവാദമായി. താന്‍ തമാശയായി പറഞ്ഞതാണെന്നായിരുന്നു വിശദീകരണം. ബലാത്സംഗമെന്ന ക്രൂരമായ ക്രൂരകൃത്യത്തെ മന്ത്രി നിസ്സാരവല്‍ക്കരിച്ചെന്നാണ് ഉയരുന്ന വിമര്‍ശനം.
അതേസമയം മൈസൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ വിദ്യാര്‍ഥിനിയുടെ ആരോഗ്യനില ഗുരുതരമാണ്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനോ പ്രതികളെ പിടികൂടാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
'പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന ആണ്‍കുട്ടിയെ അക്രമികള്‍ ക്രൂരമായി മര്‍ദിച്ചു. ദൌര്‍ഭാഗ്യകരമായ സംഭവമാണിത്. സര്‍ക്കാര്‍ ഗൌരവമായാണ് ഈ സംഭവം എടുത്തിരിക്കുന്നത്. കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികതന്നെ ചെയ്യും'- കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 7.30നാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. ചാമുണ്ഡി ഹില്‍സിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടിയും സഹപാഠിയും. ഇവരെ ആറംഗ സംഘം പിന്തുടരുകയായിരുന്നു. സഹപാഠിയെ മര്‍ദിച്ച് അവശനാക്കിയ ശേഷമാണ് സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവം നടന്ന് ആറ് മണിക്കൂറിന് ശേഷം ഇരുവരും പ്രധാന റോഡിലേക്ക് പ്രയാസപ്പെട്ട് നടന്നെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് വിദ്യാര്‍ഥികളെ അവശനിലയില്‍ കണ്ട ചില യാത്രക്കാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്ന് അലനഹള്ളി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. അക്രമികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സഹപാഠി മൊഴി നല്‍കി.
പണം ആവശ്യപ്പെട്ടാണ് അക്രമികള്‍ ആദ്യം പെണ്‍കുട്ടിയെയും സഹപാഠിയെയും സമീപിച്ചതെന്ന് പൊലീസ് പറയുന്നു. പണം കൊടുക്കാന്‍ വിസമ്മതിച്ചതിന് പിന്നാലെ അക്രമികള്‍ ഇരുവരെയും ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതികള്‍ ബൈക്കില്‍ കടന്നുകളഞ്ഞെന്നും പൊലീസ് അറിയിച്ചു.
മഹാരാഷ്ട്ര സ്വദേശിനിയായ പെണ്‍കുട്ടി മൈസൂരുവിലെ ഒരു സ്വകാര്യ കോളജിലാണ് പഠിക്കുന്നത്. സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടിയുടെ മൊഴി കൂടി രേഖപ്പെടുത്താന്‍ കഴിഞ്ഞാല്‍ പ്രതികളെ കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.