മോദി ഇന്ന് കർണാടകയിൽ; കേന്ദ്രം ദുരിതാശ്വാസ ഫണ്ട് അനുവദിക്കാത്തതിനെതിരെ സമരവുമായി സർക്കാർ
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവരടക്കമുള്ളവർ പ്രതിഷേധ ധർണയിൽ പങ്കെടുത്തു
ബംഗളൂരു: വരൾച്ച ദുരിതാശ്വാസം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് അനീതി കാണിച്ചെന്ന് ആരോപിച്ച് കർണാടക സർക്കാറിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മറ്റു മന്ത്രിമാർ, നിയമസഭാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നിയമസഭയും സെക്രട്ടറിയേറ്റും സ്ഥിതി ചെയ്യുന്ന വിധാൻ സൗധ വളപ്പിലെ മഹാത്മാ ഗാന്ധി പ്രതിമക്ക് മുന്നിലായിരുന്നു ധർണ. പ്രതീകാത്മകമായി ഒഴിഞ്ഞ കുടവുമേന്തിയാണ് പ്രതിഷേധക്കാർ അണിനിരന്നത്. കൊടും വരൾച്ചയിലൂടെയാണ് കർണാടക കടന്നുപോകുന്നതെന്നും എന്നാൽ, ഇതിനെ നേരിടാൻ മതിയായ സഹായധനം നൽകാതെ കേന്ദ്രം വഞ്ചിച്ചെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
കർണാടകയിൽ ആകെയുള്ള 236 താലൂക്കുകളിൽ 226 ഇടങ്ങളും വരൾച്ച ബാധിതമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. 48 ലക്ഷം ഹെക്ടർ ഭൂമിയിൽ വിളനാശം സംഭവിക്കുകയും ചെയ്തു.
വരൾച്ച ദുരിതാശ്വാസമായി 18,171 കോടി രൂപയാണ് കർണാടക കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടത്. എന്നാൽ, 3454 കോടി രൂപ മാത്രമാണ് അനുവദിച്ചത്. അതും സുപ്രിംകോടതിയെ സമീപച്ചതിനെ തുടർന്ന് മാത്രമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഈ തുക സംസ്ഥാനത്തിന്റെ ആവശ്യത്തിന്റെ നാലിലൊന്ന് പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന ദിവസം തന്നെയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. വടക്കൻ കർണാടകയിലെ ബെൽഗാവി, ഉത്തര കന്നഡ, ദേവനാഗരെ, ബെല്ലാരി എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മോദി പങ്കെടുക്കുന്നുണ്ട്.