10,000 നാണയങ്ങൾ; തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാൻ വോട്ടർമാരിൽ നിന്ന് പിരിച്ച പണവുമായെത്തി സ്ഥാനാർഥി
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്.
Update: 2023-04-20 03:31 GMT
തെരഞ്ഞെടുപ്പ് ചൂടിലാണ് കർണാടക. മെയ് പത്തിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനായുള്ള അവസാന ഘട്ട പ്രചരണത്തിലാണ് മുന്നണികൾ. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ കര്‍ണാടകയില്‍ വാർത്തകളിൽ നിറയുകയാണ് ഒരു സ്ഥാനാർഥി.
വോട്ടർമാരിൽ നിന്ന് ശേഖരിച്ച 10,000 ഒരു രൂപ നാണയങ്ങളുമായാണ് ഇയാള്‍ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. യാദഗിരി നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി യങ്കപ്പയാണ് ഒരു ചാക്ക് നിറയെ നാണയങ്ങളുമായി എത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. തന്‍റെ ജീവിതം യാദഗിരിയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് യങ്കപ്പ പറഞ്ഞു.