കേരളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ കർണാടക ആർ.ടി.സി
കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർവീസുകൾ പുനരാരംഭിക്കുന്നത്
Update: 2021-07-07 15:52 GMT
കർണാടക ആർ.ടി.സി കേരളത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. ഈ മാസം 12 മുതൽ ബസുകൾ ഓടിതുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ മൂന്നാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബംഗളൂരു, മംഗളൂരു, മൈസൂരു, പുത്തൂർ എന്നിവിടങ്ങളിൽനിന്ന് കേരളത്തിന്റെ വിവിധ നഗരങ്ങളിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കുന്നത്.
കേരളത്തിൽനിന്നുള്ള യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്സിൻ ഒറ്റത്തവണയെങ്കിലും സ്വീകരിച്ചതിന്റെ രേഖയോ കൈയിൽ കരുതണം. വിദ്യാഭ്യാസ-വാണിജ്യ ആവശ്യങ്ങൾക്കും മറ്റുമായി ദിനേന കർണാടകയിലേക്ക് കടക്കുന്നവർ 15 ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം.