ജുമുഅ നമസ്കരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ അനുമതി നല്‍കിയ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു

കര്‍ണാടക വിദ്യാഭ്യാസ വകുപ്പാണ് പ്രധാന അധ്യാപിക എസ്.എം ഉമാദേവിയെ സസ്പെന്‍ഡ് ചെയ്തത്

Update: 2022-01-29 11:15 GMT
Editor : ijas
Advertising

കര്‍ണാടകയിലെ സര്‍ക്കാര്‍ സ്കൂളില്‍ ജുമുഅ നമസ്കാരം നിര്‍വ്വഹിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയതിന് പ്രധാന അധ്യാപികയെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. കര്‍ണാടക വിദ്യാഭ്യാസ വകുപ്പാണ് പ്രധാന അധ്യാപിക എസ്.എം ഉമാദേവിയെ സസ്പെന്‍ഡ് ചെയ്തത്.

കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ബാലെചെങ്കപ്പ കന്നഡ മോഡല്‍ ഹയര്‍ പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപികയുടെ ചുമതലയുള്ള അധ്യാപികയായിരുന്നു എസ്.എം ഉമാദേവി. സ്കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ ജുമുഅ നമസ്കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തൊട്ടുടനെ തീവ്ര ഹിന്ദു സംഘടനകള്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ച് പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്തത്.

അന്വേഷണത്തിനായി നാലംഗ സംഘത്തെ സ്‌കൂളിലേക്ക് അയച്ചിരുന്നതായും വെള്ളിയാഴ്ച സ്‌കൂളിൽ നമസ്‌കരിക്കാൻ വിദ്യാർത്ഥികൾക്ക് അനുമതി നൽകിയതിൽ പ്രധാനാധ്യാപികയ്ക്ക് തെറ്റ് പറ്റിയതായും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഗിരിജേഷ്വരി ദേവി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

"ആദ്യം നമസ്കാരം നിര്‍വ്വഹിക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് പ്രധാന അധ്യാപിക മറുപടി നല്‍കി പക്ഷേ പിന്നീട് ക്ലാസ് ഇടവേളയിൽ മുസ്‍ലിം വിദ്യാർത്ഥികൾക്ക് നമസ്‌കരിക്കാൻ അനുവാദം നൽകാറുണ്ടെന്നും അതിന് ശേഷം അവര്‍ മടങ്ങിയെത്താറുമുണ്ടെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. എന്നാൽ കാമ്പസിൽ പ്രാർത്ഥന നടത്താൻ അനുമതിയില്ല, അതിനാൽ ഞങ്ങൾ പ്രധാന അധ്യാപികയെ സസ്‌പെൻഡ് ചെയ്തു"-ഗിരിജേഷ്വരി പറഞ്ഞു.

സർക്കാർ സ്കൂളുകളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രാർത്ഥനകൾ നടത്താൻ അനുമതിയില്ലെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നും ഗിരിജേഷ്വരി ദേവി മറുപടി നല്‍കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News