മേല്‍ജാതിക്കാരായ സ്ത്രീകളെ വീട്ടില്‍ നിന്ന് വലിച്ചിറക്കി പണിയെടുപ്പിക്കണമെന്ന് മധ്യപ്രദേശ് മന്ത്രി; പ്രതിഷേധം, കോലം കത്തിച്ച് കര്‍ണിസേന

വെള്ളിയാഴ്ച മന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപത്തായിരുന്നു പ്രതിഷേധം

Update: 2021-11-27 03:33 GMT
Editor : Jaisy Thomas | By : Web Desk
Advertising

മധ്യപ്രദേശ് മന്ത്രി ബിസാഹുലാൽ സിംഗിന്‍റെ സവര്‍ണ സമുദായങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ശ്രീ രാഷ്ട്രീയ രജ്പുത് കർണി സേന മന്ത്രിയുടെ കോലം കത്തിച്ചു. വെള്ളിയാഴ്ച മന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപത്തായിരുന്നു പ്രതിഷേധം.

സവര്‍ണ സമുദായങ്ങളിലെ സ്ത്രീകളെ വീട്ടില്‍ നിന്ന് വലിച്ചിറക്കി പണി എടുപ്പിച്ചാലെ അവര്‍ ശാക്തീകരിക്കപ്പെടുകയും പുരുഷന്‍മാര്‍ക്കൊപ്പം തുല്യാവസരം ലഭിക്കൂവെന്നുമാണ് ബുധനാഴ്ച ഒരു ചടങ്ങില്‍ മന്ത്രി ബിസാഹുലാല്‍ പറഞ്ഞത്. മന്ത്രിയുടെ വാക്കുകള്‍ രജപുത് സമുദായത്തെ അവഹേളിക്കുന്നതാണെന്ന് കര്‍ണി സേന ആരോപിച്ചു. മന്ത്രിയെ കാണുന്നിടത്തുവച്ച് മുഖത്ത് കരി ഒഴിക്കാനാണ് കര്‍ണി സേന സംസ്ഥാന സെക്രട്ടറി ശൈലേന്ദ്ര സിങ് ഝാല നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നും സംഘടനയുടെ ഭോപാല്‍ ജില്ലാ അധ്യക്ഷന്‍ കൃഷ്ണ ബുന്ദേല പറഞ്ഞു. മുന്നൂറോളം കര്‍ണി സേന പ്രവര്‍ത്തകരാണ് മന്ത്രിയുടെ വസതിക്കു സമീപം പ്രതിഷേധവുമായി എത്തിയത്. എന്നാല്‍ ഇവരെ പൊലീസ് തടഞ്ഞു. മന്ത്രി മാപ്പു പറഞ്ഞില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ച ഇവര്‍ മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ബിസാഹുലാല്‍ വെള്ളിയാഴ്ച പരസ്യമായി മാപ്പു പറഞ്ഞു. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നതായും ഏതെങ്കിലും സമുദായത്തെ ഇകഴ്ത്താനല്ല അങ്ങനെ പറഞ്ഞതെന്നും ബിസാഹുലാല്‍ പറഞ്ഞു. എല്ലാ സ്ത്രീകളും സാമുഹ്യ സേവനത്തിനായി രംഗത്തിറങ്ങണമെന്നാണ് ഉദ്ദേശിച്ചത്. താക്കൂര്‍ പോലുള്ള ഉന്നത സമുദായങ്ങളിലെ സ്ത്രീകള്‍ വീടിനുള്ളില്‍ മാത്രമായി ഒതുങ്ങിപ്പോവുകയാണ്. പുറത്തിറങ്ങാന്‍ അവരെ അനുവദിക്കുന്നില്ല. എന്നാല്‍ താഴെത്തട്ടിലുള്ള സ്ത്രീകള്‍ വയലിൽ ജോലി ചെയ്യുകയും വീട്ടുജോലികൾ ചെയ്യുകയും ചെയ്യുന്നു. മേല്‍ജാതിയില്‍ പെട്ട സ്ത്രീകളും പുറത്തിറങ്ങിയാല്‍ അവര്‍ക്ക് ഗുണമാകില്ലേ'' മന്ത്രി പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News