ആറ് ആവശ്യങ്ങളുന്നയിച്ച് മഹാരാഷ്ട്രയിൽ കർഷക മഹാ പഞ്ചായത്ത് ഇന്ന്

ഡിസംബർ നാലിനുള്ളിൽ കേന്ദ്രം ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കൂടുതൽ സമര പരിപാടിയിലേയ്ക്ക് കടക്കുമെന്ന് കർഷക സംഘടനകൾ

Update: 2021-11-28 00:56 GMT
Advertising

കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക ഉൾപ്പെടെയുള്ള ആറ് ആവശ്യങ്ങളിൽ കേന്ദ്രം തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ ഇന്ന് കർഷക മഹാ പഞ്ചായത്ത്. കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും മറ്റ് ആവശ്യങ്ങളിൽ പ്രധാനമന്ത്രി ചർച്ചയ്ക്ക് തയ്യാറാകാത്തത് ജനാധിപത്യ വിരുദ്ധമാണെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ നിലപാട്. ഡിസംബർ നാലിനുള്ളിൽ കേന്ദ്രം ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കൂടുതൽ സമര പരിപാടിയിലേയ്ക്ക് കടക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്.

അതിനിടെ, വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബില്ല് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പാർലമെന്റിൽ തിങ്കളാഴ്ച അവതരിപ്പിക്കും. അന്നേ ദിവസം പാർലമെന്റിൽ ഹാജരാകാൻ ബിജെപി ലോക്സഭാ എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. രാജ്യസഭാ എംപിമാർക്ക് വിപ്പ് നേരത്തേ നൽകിയിരുന്നു. നാളെ ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബില്ല് ഉൾപ്പെടെ 26 ബില്ലുകളാണ് പരിഗണിക്കുന്നത്. ക്രിപ്റ്റോകറൻസി നിയന്ത്രണ ബിൽ, പൊതുമേഖലാ ബാങ്കുകളിൽ സർക്കാരിന്റെ ഓഹരി 51 ൽ നിന്നും 26 ശതമാനമായി കുറയ്ക്കാനുള്ള ബിൽ എന്നിവയും പാർലമെന്റ് ചർച്ച ചെയ്യും. പഞ്ചാബ്. ഉത്തർ പ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് കേന്ദ്രം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വാണിജ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, പാർലമെന്ററി കാര്യ മന്ത്രി പ്രൽഹാദ് ജോഷി, വാർത്താ-വിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ എന്നിവർ പങ്കെടുത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News