കെജ്‌രിവാളിന്റെ ഹരജി തള്ളി; അറസ്റ്റ് നിയമപരമെന്ന് കോടതി
ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത കെജ്‌രിവാളിന്റെ ഹരജിയിലാണ് കോടതി നിരീക്ഷണം
ഡൽഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. കെജ്‌രിവാള്‍ ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ വ്യക്തമാണെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത കെജ്‌രിവാളിന്റെ ഹരജിയിലാണ് കോടതി നിരീക്ഷണം.
ജാമ്യം നല്‍കുന്നത് കോടതിയുടെ വിവേചന അധികാരമാണ്. ബോണ്ടുകള്‍ ആരു വാങ്ങി എന്നുള്ളത് കോടതിക്ക് അറിയേണ്ട. മുഖ്യമന്ത്രിക്ക് പ്രത്യേക ഇളവ് നല്‍കാന്‍ കഴിയില്ല, രേഖകള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്, ജഡ്ജിമാര്‍ക്ക് രേഖകളാണ് പ്രധാനം, രാഷ്ട്രീയം അല്ലെന്നും കോടതി വ്യക്തമാക്കി.
മാപ്പുസാക്ഷികളെ അവഗണിക്കാനാവില്ലെന്നും അവഗണിച്ചാല്‍ നിയമവ്യവസ്ഥ മുന്നോട്ടുപോകില്ലെന്നും ഹൈക്കോടതി പറഞ്ഞു. മാപ്പുസാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയത് നിയമപരമായാണെന്നും മാപ്പുസാക്ഷികള്‍ ബോണ്ടുകള്‍ വാങ്ങുന്നതും മത്സരിക്കുന്നതും കോടതി വിഷയങ്ങളല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മയാണ് കെജ്‌രിവാളിന്റെ ഹരജിയില്‍ വിധി പറഞ്ഞത്.
ജനാധിപത്യം, സ്വാതന്ത്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് തുടങ്ങിയ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ് തന്റെ അറസ്റ്റെന്നായിരുന്നു കെജ്‌രിവാളിന്റെ ഹരജി. ഇ.ഡി കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിനെയും കെജ്‌രിവാള്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജ്‌രിവാളിന്റെ വാദം കോടതി തള്ളി.