രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയം: കേരളത്തിലും അസമിലും കോണ്‍ഗ്രസിന് രണ്ടു സമീപനം

നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റതോടെ കേരളത്തിൽ എം ലിജു പുറത്ത് പോയെങ്കിൽ അസമിൽ ദയനീയമായി പരാജയപ്പെട്ടയാളാണ് ലിസ്റ്റിൽ കയറിപ്പറ്റിയത്

Update: 2022-03-20 01:57 GMT
Advertising

രാജ്യസഭാ സ്ഥാനാർഥികളെ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ കോണ്‍ഗ്രസില്‍ വ്യത്യസ്ത സമീപനം. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റതോടെ കേരളത്തിൽ എം ലിജു പുറത്ത് പോയെങ്കിൽ അസമിൽ ദയനീയമായി പരാജയപ്പെട്ടയാളാണ് ലിസ്റ്റിൽ കയറിപ്പറ്റിയത്. ജെബി മേത്തറിനൊപ്പം പ്രഖ്യാപിക്കപ്പെട്ട അസമിലെ രൂപൻ ബോറ കനത്ത തോൽവിയാണു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയത്.

പിസിസി അധ്യക്ഷനായിരുന്ന രൂപൻ ബോറയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാണ് അസമിലെ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിട്ടത്. രാജ്യസഭാംഗം കൂടിയായിരുന്ന ബോറ ഹൈക്കമാൻഡുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവാണ്. ഗോഹ്പൂര്‍ മണ്ഡലത്തിൽ 29,294 വോട്ടുകൾക്കാണ് രൂപൻ ബോറയെ ബിജെപിയിലെ ഉത്പൽ ബോറ പരാജയപ്പെടുത്തിയത്. തോൽവിയെ തുടർന്ന് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. 126 അംഗ നിയമസഭയിൽ കോൺഗ്രസിന് 27 അംഗങ്ങളാണുള്ളത്. അംഗബലത്തിൽ മൂന്നാമത്തെ പാർട്ടിയായ എഐയുഡിഎഫിന്‍റെ 15 അംഗങ്ങൾ കൂടി വോട്ട് രേഖപ്പെടുത്തുന്നതോടെ കോൺഗ്രസ് സ്ഥാനാർഥിക്കു ജയിച്ചു കയറാം.

അസമിൽ രണ്ട് രാജ്യസഭാ സീറ്റിലേക്കാണ് 31ന് മത്സരം നടക്കുന്നത്. എൻഡിഎ ഘടക കക്ഷിയായ യുപിപിഎൽ നേതാവ് നർസാരിയെ രണ്ടാമത്തെ സ്ഥാനാർഥിയായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രഖ്യാപിച്ചു. 82 അംഗങ്ങളുള്ള എൻ.ഡി.എയ്ക്ക് രണ്ട് പേരുടെ വോട്ട് പ്രതിപക്ഷത്ത് നിന്ന് നേടാനായാൽ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെടുകയും ബിജെപി മുന്നണിക്ക് രണ്ടാമത്തെ സീറ്റ് ലഭിക്കുകയും ചെയ്യും. ഒരു സീറ്റുള്ള സിപിഎം നിലപാടും ഏറെ നിർണായകമാണ്. പ്രതിപക്ഷത്തെ മൂന്നോ നാലോ എംഎൽഎമാർ വിട്ട് നിൽക്കുകയും ബിജെപി കൃത്യമായി ആദ്യ വോട്ട് വിഭജനം നടത്തുകയും ചെയ്‌താൽ കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെടും. രണ്ട് സീറ്റും നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്.

ബിജെപി പകൽക്കിനാവ് കാണുകയാണെന്നും താൻ വിജയിക്കുമെന്നും രൂപൻ ബോറ ഉറപ്പിച്ചു പറയുന്നു. സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിൽ കേരളത്തിലും അസമിലും രണ്ട് മാനദണ്ഡങ്ങളാണ് ഹൈക്കമാൻഡ് സ്വീകരിച്ചതെന്നു രൂപൻ ബോറയുടെ സ്ഥാനാർഥിത്വം തന്നെ വ്യക്തമാക്കുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News