ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ ഖാപ് മഹാപഞ്ചായത്ത് ആരംഭിച്ചു
ബ്രിജ്ഭൂഷണെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ മെഡലുകൾ ഗംഗയിൽ ഒഴുക്കാനെത്തിയപ്പോൾ അവരെ പിന്തിരിപ്പിച്ചത് കർഷകനേതാക്കളായിരുന്നു.
Update: 2023-06-01 09:06 GMT
മുസഫർനഗർ: ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഖാപ് മഹാപഞ്ചായത്ത് മുസഫർനഗറിലെ സോറം ഗ്രാമത്തിൽ ആരംഭിച്ചു. സംയുക്ത കിസാൻ മോർച്ച ബ്രിജ് ഭൂഷൺ സിങ്ങിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. നാളെ കുരുക്ഷേത്രയിലും ജൂൺ നാലിന് സോനിപത്തിലും ഖാപ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് നരേഷ് ടിക്കായത്ത് പറഞ്ഞു.
അഞ്ച് ദിവസത്തിനകം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഗുസ്തി താരങ്ങൾ സമരവുമായി മുന്നോട്ട് പോകും. ഗുസ്തി താരങ്ങൾ എന്ത് തീരുമാനമെടുത്താലും അവർക്കൊപ്പം നിൽക്കുമെന്നും നരേഷ് ടിക്കായത്ത് വ്യക്തമാക്കി. ബ്രിജ്ഭൂഷണെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ മെഡലുകൾ ഗംഗയിൽ ഒഴുക്കാനെത്തിയപ്പോൾ അവരെ പിന്തിരിപ്പിച്ചത് കർഷകനേതാക്കളായിരുന്നു.