മുന്‍ ഭര്‍ത്താവില്‍ നിന്നും പ്രതിമാസം 6,16,300 രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; ആഡംബര ജീവിതം നയിക്കണമെങ്കില്‍ സ്വയം സമ്പാദിച്ചോളൂവെന്ന് കോടതി
രാധ മുനുകുന്ത്ല എന്ന യുവതിയാണ് ഭര്‍ത്താവ് എം.നരസിംഹയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ജീവനാംശം ആവശ്യപ്പെട്ടത്
ബെംഗളൂരു: മുന്‍ഭര്‍ത്താവില്‍ നിന്നും പ്രതിമാസം 6,16,300 രൂപ ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യത്തെ ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതി. വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്നും വന്‍തുക ജീവനാംശമായി ആവശ്യപ്പെട്ടതില്‍ ഹൈക്കോടതി ജഡ്ജി യുവതിയുടെ അഭിഭാഷകനെ കോടതിയില്‍ നിര്‍ത്തിപ്പൊരിച്ചു. കേസിന്‍റെ വാദം കര്‍ണാടക ഹൈക്കോടതിയില്‍ നടക്കുന്നതിനിടെയാണ് സംഭവം.
Wife was demanding monthly maintenance of 6 lacs 16 thousand 3 hundred per month only but the lady Judge of the Karnataka High Court disappointed her. And the Wife is demanding this amount even when the children are with the husband and he only is taking care of the expenses of… pic.twitter.com/o7tYXIQK9t
— NCMIndia Council For Men Affairs (@NCMIndiaa) August 21, 2024
രാധ മുനുകുന്ത്ല എന്ന യുവതിയാണ് ഭര്‍ത്താവ് എം.നരസിംഹയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ജീവനാംശം ആവശ്യപ്പെട്ടത്. പ്രതിമാസ ജീവനാംശമായി ഭർത്താവിനോട് യുവതി ആവശ്യപ്പെട്ടത് 6,16,300 രൂപയാണെന്ന് അറിഞ്ഞ ജഡ്ജി ഞെട്ടി. വിലപിടിപ്പുള്ള വസ്ത്രങ്ങൾ, ഭക്ഷണത്തിന് ആവശ്യമായ പണം, മരുന്നുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ചിലവുകൾ, പുറത്തു നിന്നും ഭക്ഷണം കഴിക്കൽ തുടങ്ങിയ ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെ യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ നിരത്തി. ലിസ്റ്റിനെ ചോദ്യം ചെയ്ത ജഡ്ജി, ഉത്തരവാദിത്തമില്ലാത്ത ഒരു സ്ത്രീക്ക് ഈ തുക വളരെ കൂടുതലാണെന്നും കുട്ടികളെ നോക്കാനുള്ള ഉത്തരവാദിത്തം ഭർത്താവിനുണ്ടെന്നും പറഞ്ഞു.
മുട്ടുവേദനക്കുള്ള ഫിസിയോതെറാപ്പിക്കായി 4-5 ലക്ഷം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഷൂസിനും വസ്ത്രങ്ങള്‍ക്കുമായി 15000 രൂപ, ഭക്ഷണച്ചെലവിനായി 60000 രൂപ എന്നിങ്ങനെയാണ് കണക്കുകള്‍. വന്‍തുക ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് യുവതിയുടെ അഭിഭാഷകൻ വാദിക്കുന്ന കോടതി നടപടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇത് കോടതി നടപടികളുടെ ചൂഷണമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ഇത്രയും പണം ചെലവഴിക്കണമെങ്കിൽ സ്വയം സമ്പാദിച്ചുകൂടെയെന്ന് വനിതാ ജഡ്ജി ചോദിച്ചു. ''ഒരു വ്യക്തിക്ക് ജീവിക്കാന്‍ ഇത്രയും തുക വേണമന്ന് കോടതിയോട് പറയരുത്. ആരെങ്കിലും ഇത്രയും തുക ചെലവഴിക്കുന്നുണ്ടോ? അതും ഒറ്റക്ക് ജീവിക്കുന്ന ഒരു സ്ത്രീ. ഇത്തരത്തില്‍ ആഡംബരജീവിതം നയിക്കണമെങ്കില്‍ അവള്‍ സ്വയം സമ്പാദിക്കട്ടെ. അല്ലാതെ ഭര്‍ത്താവിന്‍റെ പണം കൊണ്ടല്ല കഴിയേണ്ടത്. നിങ്ങൾക്ക് കുടുംബത്തിൻ്റെ മറ്റ് ഉത്തരവാദിത്തങ്ങളൊന്നുമില്ല. നിങ്ങള്‍ക്ക് കുട്ടികളെ നോക്കേണ്ടതില്ല'' ജഡ്ജി പറഞ്ഞു.
A Must watch for all Men & Women.
— Joker of India (@JokerOf_India) August 21, 2024
Wife asked 6,16,300/ month as Maintenance, Honorable Judge said that this is exploitation & beyond tolerance. pic.twitter.com/TFjpJ61MHA
ന്യായമായ തുക ആവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം ഹരജി തള്ളിക്കളയുമെന്നും ജഡ്ജി യുവതിയുടെ അഭിഭാഷകനോട് പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ ബെംഗളൂരു കുടുംബ കോടതി അഡീഷണല്‍ പ്രിന്‍സിപ്പല്‍ ജഡ്ജ് രാധക്ക് ഭര്‍ത്താവില്‍ നിന്നും 50,000 രൂപ ജീവനാംശം അനുവദിച്ചിരുന്നു. ഈ തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് രാധ ഹൈക്കോടതിയെ സമീപിച്ചത്.