നാലുവയസുകാരിയെ പ്രിൻസിപ്പലിന്റെ ഡ്രൈവർ പീഡനത്തിനിരയാക്കിയത് രണ്ടു മാസം: തെലങ്കാനയിൽ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്
എഴുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം നടന്നത്
ഹൈദരാബാദ്: ഹൈദരാബാദിൽ നാല് വയസുകാരിയെ സ്‌കൂൾ പ്രിൻസിപ്പലിന്റെ ഡ്രൈവർ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. ബഞ്ചാര ഹിൽസിലുള്ള സ്വകാര്യ സ്‌കൂളിന്റെ ലൈസൻസ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രി സാവിത്രി ഇന്ദ്ര ഹൈദരാബാദ് ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർക്ക് നിർദേശം നൽകി.
സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളെയും മറ്റ് സ്‌കൂളുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് നിർദേശം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി വിദ്യാഭ്യാസ സെക്രട്ടറി വകതി കരുണയുടെ നേതൃത്വത്തിൽ പ്രത്യേക ഉപദേശക സമിതി രൂപീകരിക്കാനും നിർദേശമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഒരാഴ്ചയ്ക്കകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണം.
എഴുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂൾ പ്രിൻസിപ്പലിന്റെ ഡ്രൈവർ രണ്ടു മാസത്തോളമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ കാര്യം തിരക്കിയപ്പോളാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ഇയാൾക്കെതിരെ രക്ഷിതാക്കൾ ബഞ്ചാര പൊലീസിൽ പരാതി നൽകുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സ്‌കൂളിലെ ലാബിലും മറ്റും വച്ചാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നത്. ഇയാളെപ്പറ്റി പ്രധാനാധ്യാപകന് പരാതി നൽകിയിരുന്നെങ്കിലും ചിരിച്ചു തള്ളുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. രക്ഷിതാക്കൾ സ്‌കൂളിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് പ്രധാനാധ്യാപകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.