അദാനിയിൽനിന്നും അംബാനിയിൽനിന്നും കോൺഗ്രസ് കള്ളപ്പണം സ്വീകരിച്ചെന്ന മോദിയുടെ ആരോപണം ‘തെരഞ്ഞെടുപ്പ് തന്ത്രം’ -ലോക്പാൽ
ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി ലോക്പാൽ തള്ളി
ന്യൂഡൽഹി: വ്യവസായികളായ ഗൗതം അദാനിയിൽനിന്നും മുകേഷ് അംബാനിയിൽനിന്നും കോൺഗ്രസ് ടെമ്പോ വാനിൽ കള്ളപ്പണം സ്വീകരിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും ഇതുസംബന്ധിച്ച പരാതിയിൽ അന്വേഷണം വേണ്ടെന്നും ലോക്പാൽ. മോദിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് അഴിമതി വിരുദ്ധ സമിതിയുടെ ഉത്തരവ്.
സുപ്രീം കോടതി മുൻ ജഡ്ജി എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ലോക്പാലിന്റെ ഫുൾ ബെഞ്ചാണ് പരാതി തള്ളിയത്. രാഹുൽ ഗാന്ധിക്കെതിരായ ആരോപണം വസ്തുതാവിരുദ്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കി.
തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. സർക്കാറിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിക്കുന്നതിൽ പ്രധാനമന്ത്രി മോദി പരാജയപ്പെട്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അദാനി, അംബാനി, രാഹുൽ ഗാന്ധി, അജ്ഞാതരായ ടെമ്പോ ഉടമകൾ എന്നിവർക്കെതിരെയായിരുന്നു പരാതി.
തെലങ്കാനയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു അംബാനിയേയും അദാനിയേയും കരുവാക്കി മോദി കോണ്‍ഗ്രസിനും രാഹുലിനുമെതിരെ വിമര്‍ശനമുന്നയിച്ചത്. 'അഞ്ചുവര്‍ഷമായി കോണ്‍ഗ്രസിന്റെ രാജകുമാരന്‍ ഒരുകാര്യം മാത്രമാണ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. റഫാല്‍വിഷയത്തില്‍ ശിക്ഷിക്കപ്പെടാതെ കടന്നുകൂടിയതിന് പിന്നാലെ അദ്ദേഹം പുതിയൊരു മന്ത്രം ആരംഭിച്ചു. അഞ്ച് വ്യവസായികള്‍. അഞ്ച് വ്യവസായികള്‍. അഞ്ച് വ്യവസായികള്‍. ക്രമേണ അദ്ദേഹം അംബാനി-അദാനി എന്ന് പറയാന്‍ ആരംഭിച്ചു.
എന്നാല്‍, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അംബാനിയെയും അദാനിയെയും ചീത്ത വിളിക്കുന്നത് അദ്ദേഹം നിര്‍ത്തി. ഇന്ന് തെലങ്കാനയുടെ മണ്ണില്‍നിന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്, അവര്‍ അംബാനിയില്‍നിന്നും അദാനിയില്‍നിന്നും എത്ര പണം സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകണം. എന്തായിരുന്നു ഡീല്‍? എന്തുകൊണ്ടാണ് അംബാനിയെയും അദാനിയെയും ചീത്ത വിളിക്കുന്നത് പെട്ടെന്ന് നിര്‍ത്തിയത്. എന്തോ കുഴപ്പമുണ്ട്. നിങ്ങള്‍ അഞ്ചുവര്‍ഷം അവരെ ചീത്തവിളിക്കുന്നു, പിന്നെ ഉടനെ അത് നിര്‍ത്തുന്നു' -എന്നായിരുന്നു മോദിയുടെ വാക്കുകള്‍.
ഇതിന് മറുപടിയുമായി രാഹുൽ ഗാന്ധിയും രംഗത്തുവന്നിരുന്നു. അവര്‍ ടെമ്പോയില്‍ പണം നല്‍കിയെന്ന് താങ്കള്‍ക്ക് എങ്ങനെ അറിയാമെന്ന് മോദിയോട് രാഹുല്‍ ചോദിച്ചു. 'സാധാരണയായി അദാനിയേയും അംബാനിയേയും കുറിച്ച് നിങ്ങള്‍ അടച്ചിട്ട മുറിയിലാണ് സംസാരിക്കാറ്. എന്നാല്‍, ആദ്യമായി നിങ്ങള്‍ അവരെക്കുറിച്ച് പൊതുയിടത്തില്‍ സംസാരിച്ചിരിക്കുന്നു. അവര്‍ ടെമ്പോയില്‍ പണം തന്നെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം. നിങ്ങള്‍ക്ക് വ്യക്തിപരമായ അനുഭവമുണ്ടോ? എന്തുകൊണ്ടാണ് നിങ്ങള്‍ സി.ബി.ഐയേയോ ഇ.ഡിയേയോ അയക്കാത്തത്? നിങ്ങള്‍ ഭയക്കരുത്' -രാഹുല്‍ പറഞ്ഞു.