യു.പിയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

രണ്ട് മണ്ഡലങ്ങളും സമാജ്‌വാദി ശക്തികേന്ദ്രങ്ങളായതിനാൽ തെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്

Update: 2022-06-23 01:09 GMT
Advertising

ലഖ്നൌ: ഉത്തര്‍പ്രദേശിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്. അസംഗഡ്‌, രാംപൂർ മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. സമാജ്‍വാദി പാർട്ടിയും ബി.ജെ.പിയും തമ്മിലാണ് പ്രധാന പോര്.

നിയമസഭയിലേക്ക് വിജയിച്ചതിനാൽ അഖിലേഷ് യാദവും അസംഖാനും രാജിവെച്ച ലോക്‌സഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എംപിമാരായിരിക്കുമ്പോഴാണ് ഇരുവരും നിയമസഭയിലേക്ക് മത്സരിച്ചത്. അഖിലേഷ് സ്ഥാനമൊഴിഞ്ഞ അസംഖഡിൽ ബന്ധുവും നേരത്തെ മൂന്നുവട്ടം എംപിയുമായിരുന്ന ധർമേന്ദ്ര യാദവിനെയാണ് സമാജ്‍വാദി പാർട്ടി സ്ഥാനാർഥിയാക്കിയത്. കഴിഞ്ഞ തവണ മത്സരിച്ച ഭോജ്പുരിയിലെ ജനപ്രിയ നടനും ഗായകനുമായ ദിനേശ് ലാൽ യാദവിനെയാണ് ബി.ജെ.പി ഇത്തവണയും നിയോഗിച്ചത്. ദൈവം ഭൂമിയിലേക്ക് ഇറങ്ങിവന്ന് മത്സരിച്ചാലും തോൽക്കില്ലെന്നു വീമ്പിളക്കിയ ദിനേശ് ലാൽ രണ്ടര ലക്ഷം വോട്ടുകൾക്കാണ് അഖിലേഷിനോട് തോറ്റത്.

രാംപൂരിൽ അസം ഖാന്‍റെ വിശ്വസ്തനായ അസിംരാജയാണ് സമാജ്‍വാദി പാർട്ടി സ്ഥാനാർഥി. സമാജ്‍വാദി പാര്‍ട്ടിയില്‍ നിന്നും കൂറുമാറിയ ഘനശ്യാം ലോധിയാണ് ബി.ജെ.പി സ്ഥാനാർഥി. രണ്ട് മണ്ഡലങ്ങളും സമാജ്‌വാദി ശക്തികേന്ദ്രങ്ങളായതിനാൽ തെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. രണ്ട് മണ്ഡലങ്ങളിലും ബി.എസ്.പിയും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News