യു.പിയിൽ മസ്ജിദ്-മന്ദിർ രാഷ്ട്രീയവുമായി ബി.ജെ.പി; പ്രതീക്ഷ കാക്കുമോ ഇൻഡ്യാ മുന്നണി?
80 പാർലമെന്റ് മണ്ഡലങ്ങളുള്ള യു.പി പിടിച്ചാൽ ഡൽഹിയിലെ അധികാരക്കസേരയിലേക്കുള്ള യാത്ര എളുപ്പമാവുമെന്നതാണ് ദേശീയ രാഷ്ട്രീയത്തിലെ സൂത്രവാക്യം.
'ഉത്തർപ്രദേശ് പിടിച്ചാൽ ഇന്ത്യ പിടിക്കാം' എന്നത് ദേശീയരാഷ്ട്രീയത്തിലെ എക്കാലത്തെയും സൂത്രവാക്യമാണ്. യു.പിയിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം തന്നെയാണ് ഇതിന് പ്രധാന കാരണം. 80 സീറ്റുകളുള്ള യു.പിയിൽ മുന്നേറ്റമുണ്ടാക്കാനായാൽ ലോക്‌സഭയിൽ കേവല ഭൂരിപക്ഷത്തിലേക്ക് അത് നിർണായക ചുവടുവെപ്പാവും. ഇത്തവണ ഏഴ് ഘട്ടങ്ങളായാണ് യു.പിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
2014-2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം
മണ്ഡൽ-മസ്ജിദ്-മന്ദിർ രാഷ്ട്രീയത്തിലൂടെ യു.പിയിൽ ചുവടുറപ്പിച്ച സംഘ്പരിവാർ രാഷ്ട്രീയം പിന്നീട് വളർന്നു പന്തലിക്കുന്നതാണ് രാജ്യം കണ്ടത്. 2014ൽ ദേശീയ രാഷ്ട്രീയത്തിൽ മോദി ഫാക്ടറുമായി ബി.ജെ.പി അവതരിച്ചപ്പോൾ യു.പിയിൽ അവർ വൻ മുന്നേറ്റമാണ് ഉണ്ടാക്കിയത്. 71 സീറ്റുകളാണ് അന്ന് ബി.ജെ.പി നേടിയത്. സഖ്യകക്ഷിയായ അപ്‌നാദൾ രണ്ട് സീറ്റ് നേടി. സമാജ്‌വാദി പാർട്ടി അഞ്ച് സീറ്റ് നേടിയപ്പോൾ കോൺഗ്രസ് രണ്ട് സീറ്റിലൊതുങ്ങി. ബി.എസ്.പിയും ആർ.എൽ.ഡിയും സംപൂജ്യരായി.
നരേന്ദ്ര മോദിയുടെ തന്നെ നേതൃത്വത്തിൽ ബി.ജെ.പി കളത്തിലിറങ്ങിയ 2019ൽ എസ്.പി, ബി.എസ്.പി, ആർ.എൽ.ഡി പാർട്ടികൾ ഒരുമിച്ച് 'മഹാഗഡ്ബന്ധൻ' മുന്നണിയായാണ് എൻ.ഡി.എയെ നേരിടാനിറങ്ങിയത്. എന്നാൽ നിരാശയായിരുന്നു ഫലം. 2014-ലെ സീറ്റ് നിലയിൽ കുറവുണ്ടായെങ്കിലും 62 സീറ്റുകൾ ബി.ജെ.പി നേടി. സഖ്യകക്ഷിയായ അപ്‌നാദൾ രണ്ട് സീറ്റും നേടി. മഹാഗഡ്ബന്ധനിൽ ബി.എസ്.പി 10 സീറ്റും എസ്.പി അഞ്ച് സീറ്റും നേടിയപ്പോൾ കോൺഗ്രസ് ഒരു സീറ്റിലൊതുങ്ങി. കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി അമേത്തിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. റായ്ബറേലിയിൽ സോണിയാ ഗാന്ധിക്ക് മാത്രമാണ് കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കാനായത്.
അതേസമയം വോട്ട് വിഹിതത്തിൽ എൻ.ഡി.എയും മഹാഗഡ്ബന്ധനും തമ്മിൽ കാര്യമായ വ്യത്യാസമില്ല. ബി.ജെ.പി 49.9 ശതമാനം വോട്ടും അപ്‌നാദൾ 1.21 ശതമാനം വോട്ടും അടക്കം 51.19 ശതമാനം വോട്ടാണ് എൻ.ഡി.എ നേടിയത്. മഹാഗഡ്ബന്ധനിൽ ബി.എസ്.പി 19.43 ശതമാനവും എസ്.പി 18.11 ശതമാനവും ആർ.എൽ.ഡി 1.69 ശതമാനവും അടക്കം 39.23 ശതമാനം വോട്ട് നേടിയിട്ടുണ്ട്. കോൺഗ്രസിന് 6.41 ശതമാനം വോട്ടാണ് നേടാനായത്.
മസ്ജിദ്-മന്ദിർ രാഷ്ട്രീയവുമായി വീണ്ടും ബി.ജെ.പി
മണ്ഡൽ-മസ്ജിദ്-മന്ദിർ രാഷ്ട്രീയത്തിന്റെ ഭാഗമാണ് യു.പിയിൽ ബി.ജെ.പി ചുവടുറപ്പിച്ചത്. സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും വാഗ്ദാനങ്ങളിലൊന്നായ രാമക്ഷേത്രം യാഥാർഥ്യമാക്കിയാണ് ഇത്തവണ അവർ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണസിയിൽ മത്സരിക്കുമ്പോൾ അതിന്റെ നേട്ടം ബി.ജെ.പിക്കുണ്ടാവുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയത് പ്രധാനമന്ത്രി തന്നെയായിരുന്നു. അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുതലുള്ള ബി.ജെ.പി നേതാക്കൾ വോട്ടർമാർക്ക് നൽകിയ പ്രധാന വാഗ്ദാനം അയോധ്യയിലേക്ക് സൗജന്യ തീർഥാടനമായിരുന്നു.
നിർമാണം പൂർത്തിയാവുന്നതിന് മുമ്പ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുകയും അതിന് പ്രധാനമന്ത്രി തന്നെ നേതൃത്വം നൽകുകയും ചെയ്തതിൽ രാഷ്ട്രീയത്തിനപ്പുറം ശങ്കരാചാര്യൻമാർ അടക്കമുള്ള ഹൈന്ദവ മത നേതൃത്വത്തിൽനിന്ന് തന്നെ എതിർപ്പുയർന്നിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ച് മുന്നോട്ട് പോകുന്ന ബി.ജെ.പി രാമക്ഷേത്രം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തങ്ങളെ തുണക്കുമെന്ന പ്രതീക്ഷയിലാണ്. രാമക്ഷേത്രത്തിന് പിന്നാലെ ഗ്യാൻവാപി, മഥുര ഷാഹി മസ്ജിദ് തുടങ്ങിയ പള്ളികളുടെ മേലുള്ള അവകാശവാദങ്ങളും ബാബരി മസ്ജിദിന് സമാനമായ രീതിയിൽ സംഘ്പരിവാർ ശക്തമാക്കുന്നുണ്ട്. അതിന്റെ തുടർച്ചയായാണ് ഗ്യാൻവാപി മസ്ജിദിൽ വരാണസി ജില്ലാ കോടതി പൂജക്ക് അനുമതി നൽകിയത്. രാമക്ഷേത്രത്തിന് ശേഷവും സമാനമായ രാഷ്ട്രീയ നീക്കങ്ങളുമായി തന്നെയാണ് ബി.ജെ.പി മുന്നോട്ട് പോകുന്നത്.
പ്രതീക്ഷ കാക്കുമോ ഇൻഡ്യാ മുന്നണി?
ബി.ജെ.പിക്കെതിരെ രൂപംകൊണ്ട പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യ മുന്നണിയിൽ വിജയകരമായി സീറ്റ് വിഭജനം പൂർത്തിയാക്കാനായത് യു.പിയിൽ പ്രതീക്ഷ നൽകുന്നതാണ്. 17 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ബാക്കിയുള്ള 63 സീറ്റിൽ എസ്.പി മത്സരിക്കും. ജയന്ത് ചൗധരിയുടെ ആർ.എൽ.ഡി ഇൻഡ്യ മുന്നണിക്കൊപ്പം ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം എൻ.ഡി.എയിലേക്ക് കാലുമാറി. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എസ്.പിയെ തഴഞ്ഞത് യു.പിയിൽ ഇൻഡ്യ മുന്നണിയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും സീറ്റ് വിഭജനത്തിൽ ചർച്ചയായില്ല. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയിൽ അഖിലേഷ് യാദവ് പങ്കെടുത്തത് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
അപ്രസക്തമായി മായാവതിയുടെ ബി.എസ്.പി
സ്വതന്ത്ര്യ ഇന്ത്യയിലുണ്ടായ ഏറ്റവും ശക്തമായ ദലിത് മുന്നേറ്റങ്ങളിൽ ഒന്നായിരുന്നു കാൻഷിറാമിന്റെ ബി.എസ്.പി. കാൻഷിറാമിന് ശേഷം മായാവതി പാർട്ടിയുടെ നേതൃപദവിയിലെത്തി. 1995, 1997 വർഷങ്ങളിൽ ചുരുങ്ങിയ കാലയളവ് യു.പിയുടെ മുഖ്യമന്ത്രി പദവിയിലെത്തിയ മായാവതി 2007ൽ ചരിത്ര വിജയത്തിലൂടെ വീണ്ടും യു.പിയുടെ മുഖ്യമന്ത്രി പദവിയിലെത്തി. എന്നാൽ പിന്നീട് അവരുടെ പൊളിറ്റിക്കൽ ഗ്രാഫ് താഴേക്ക് പോവുന്നതാണ് കണ്ടത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംപൂജ്യരായ ബി.എസ്.പി 2019ൽ മഹാഗണബന്ധൻ സഖ്യത്തിനൊപ്പം ചേർന്ന് 10 സീറ്റ് നേടിയിരുന്നു. എന്നാൽ പിന്നീട് യു.പി രാഷ്ട്രീയത്തിലോ ദേശീയ തലത്തിലോ കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ ബി.എസ്.പിക്ക് കഴിഞ്ഞില്ല. 2022ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എസ്.പിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്.
രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ബി.എസ്.പിയും മായാവതിയും ചിത്രത്തിൽ പോലുമില്ലാത്ത സ്ഥിതിയാണ്. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയുമായി തുടക്കം മുതൽ ഇടഞ്ഞുനിൽക്കുന്ന സമീപനമാണ് മായാവതി സ്വീകരിച്ചിരുന്നത്. ഇൻഡ്യ മുന്നണിയുമായും ബി.ജെ.പിയുമായും തുല്യ അകലം പാലിക്കുമെന്നാണ് മായാവതി പറയുന്ന നിലപാട്. എന്നാൽ അവസാനം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ യു.പിയിലെ ഏക ബി.എസ്.പി എം.എൽ.എ ബി.ജെ.പിക്കാണ് വോട്ട് ചെയ്തത്. മായാവതിയുടെ സമ്മതത്തോടെയാണ് താൻ ബി.ജെ.പിക്ക് വോട്ട് ചെയ്തത് എന്നാണ് ബി.എസ്.പി അംഗമായ ഉമാശങ്കർ സിങ് പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എൻ.ഡി.എയിലേക്ക് ചേക്കാറാനുള്ള ഒരുക്കത്തിലാണ് മായാവതിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുസ്‌ലിം വോട്ടുകൾ ആർക്ക്?
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയടക്കം എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും മുസ്ലിം വിഷയങ്ങൾ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രചാരണായുധമാണ്. 19 ശതമാനമാണ് യു.പിയിലെ മുസ്‌ലിം ജനസംഖ്യ. സംസ്ഥാനത്തെ തൊണ്ണൂറോളം നിയമസഭാ മണ്ഡലങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ ശേഷിയുണ്ടായിട്ടും വോട്ടുകൾ പലവഴിക്ക് ചിതറിപ്പോകുന്നതിനാൽ പതിറ്റാണ്ടുകളായി നിയമനിർമാണസഭയിൽ മുസ്‌ലിംകൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമില്ല.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, സാമുദായിക കലാപങ്ങളിലൂടെ സംസ്ഥാനത്തുണ്ടായ ധ്രുവീകരണം വലിയ തോതിലാണ് വോട്ടിങ് പാറ്റേണുകളെ സ്വാധീനിച്ചത്. തീവ്രഹിന്ദുത്വത്തിന് കീഴിൽ ഹിന്ദു വോട്ടുകൾ ഏകീകരിക്കപ്പെട്ടപ്പോൾ മുസ്ലിം വോട്ടുകൾ അപ്രസക്തമായി. ജാതി സംഘടനകളെ കൂടി ഹിന്ദുത്വം കുടക്കീഴിലാക്കിയത് 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ദൃശ്യമായി. ഇരു തെരഞ്ഞെടുപ്പുകളിലും മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ബിജെപിയുടെ തേരോട്ടം തന്നെയുണ്ടായി.
2014ലെ പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 മണ്ഡലത്തിൽനിന്ന് ഒരു മുസ്ലിം പോലും ലോക്സഭയിലെത്തിയില്ല. 2019ൽ ആറു പേർ വിജയം കണ്ടു. നിയമസഭയിൽ 2012ൽ 63 ആയിരുന്ന മുസ്ലിം എം.എൽ.എമാർ 2017ൽ 25 ആയി ചുരുങ്ങി. നിയമസഭയിൽ ബി.ജെ.പിക്ക് മേൽക്കൈ ഉള്ള കാലത്തെല്ലാം മുസ്ലിം പ്രാതിനിധ്യം കുറയുന്ന കാഴ്ചയാണ് യു.പിയിലുള്ളത്. രാമജന്മഭൂമി പ്രസ്ഥാനം കൊടുമ്പിരികൊണ്ട 1991ൽ 425 അംഗ സഭയിൽ 221 സീറ്റു നേടി ബി.ജെ.പി അധികാരം പിടിക്കുമ്പോൾ 23 മുസ്ലിം സ്ഥാനാർത്ഥികൾ മാത്രമാണ് സഭയിലെത്തിയത്. മൊത്തം അംഗബലത്തിന്റെ 5.4 ശതമാനം മാത്രം. അടുത്ത വർഷങ്ങളിൽ ബി.ജെ.പിയുടെ ശക്തി ക്ഷയിക്കുകയും അധികാരത്തിൽനിന്ന് പുറത്തുപോകുകയും ചെയ്തു. മുസ്ലിം പ്രാതിനിധ്യം ഉയരുന്ന സാഹചര്യവുമുണ്ടായി. 2012ൽ സമാജ്വാദി പാർട്ടി അധികാരത്തിലെത്തുമ്പോൾ 63 മുസ്ലിം എം.എൽ.എമാരാണ് ഉണ്ടായിരുന്നത്. മുസ്ലിം സമുദായത്തിന് ഏറ്റവും കൂടുതൽ അംഗബലമുണ്ടായിരുന്ന സഭയും അതാണ്. ആ നിയമസഭയിൽ ബി.ജെ.പിക്ക് 47 സീറ്റേ ഉണ്ടായിരുന്നുള്ളൂ.
ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസുമായി അകന്ന മുസ്‌ലിം സമുദായം ബി.എസ്.പി, എസ്.പി പാർട്ടികളുമായി അടുക്കുന്നതാണ് പിന്നീട് കണ്ടത്. മുസ്‌ലിം-ദലിത് ഐക്യമെന്ന സമവാക്യവുമായി രംഗത്തെത്തിയ മായാവതി കിഴക്കൻ യു.പിയിൽ മുസ്‌ലിംകൾക്കിടയിൽ സ്വീകാര്യത നേടിയിരുന്നു. നിലവിൽ യു.പി രാഷ്ട്രീയത്തിൽ തന്നെ അപ്രസക്തയായി മാറിയ മായാവതിക്ക് മുസ്‌ലിംകൾക്കിടയിലും വലിയ സ്വാധീനമില്ല. യോഗി സർക്കാരിന്റെ ബുൾഡോസർ രാജ്, കേന്ദ്രസർക്കാർ കൊണ്ടുവന്ന സി.എ.എ പോലുള്ള വിഷയങ്ങളിലൊന്നും കൃത്യമായ നിലപാട് പറയാൻ മായാവതിക്ക് കഴിഞ്ഞിട്ടില്ല. അഖിലേഷ് യാദവിന്റെ എസ്.പിയുമായി നിലവിൽ മുസ്‌ലിംകൾ കൂടുതലായി ചേർന്നു നിൽക്കുന്നത്.
അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം യു.പി രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തതും മുസ്‌ലിം വോട്ടിൽ നിർണായകമാണ്. 2022 നിയമസഭാ തെരഞ്ഞെടുപ്പിൽ 94 സീറ്റിൽ മത്സരിച്ച എ.ഐ.എം.ഐ.എം 4,50,929 വോട്ടുകളാണ് നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.പിയിൽ 25 സീറ്റിൽ മത്സരിക്കുമെന്നാണ് ഉവൈസി പ്രഖ്യാപിച്ചിരിക്കുന്നത്.