മോദി വീണ്ടും അധികാരത്തിലെത്തണമെന്നാണ് ശ്രീരാമൻ്റെ ആഗ്രഹം; യോ​ഗി ആദിത്യനാഥ്

'നാലാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ മോദി തരംഗം സുനാമിയായി മാറിയിരിക്കുന്നതായും ആദിത്യനാഥ് അവകാശപ്പെട്ടു.

Update: 2024-05-13 11:26 GMT
Advertising

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തണമെന്നാണ് ശ്രീരാമന്റെ ആ​ഗ്രഹമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേന്ദ്രത്തിൽ ഭരണത്തിലെത്തും. ഭഗവാൻ ശ്രീരാമൻ പോലും തൻ്റെ തീവ്ര ഭക്തൻ വിജയിക്കണമെന്ന് ആ​ഗ്രഹിക്കുന്നു- ആദിത്യനാഥ് അവകാശപ്പെട്ടു.

'നാലാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ, മോദി തരംഗം സുനാമിയായി മാറിയിരിക്കുന്നു. മോദിയുടെ നേതൃത്വത്തിൽ ജാതി, സമുദായ വ്യത്യാസമില്ലാതെ എല്ലാവരും വികസന പദ്ധതികളിൽ നിന്ന് പ്രയോജനം നേടി. ജനങ്ങൾ മാത്രമല്ല, ശ്രീരാമനും തൻ്റെ ഭക്തൻ വീണ്ടും രാജ്യത്തിൻ്റെ ഭരണം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നു'- യോ​ഗി ആദിത്യനാഥ് പറഞ്ഞു. ബാരാബങ്കി ബിജെപി സ്ഥാനാർഥി രാജ്റാണി റാവത്തിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി.

'കോൺഗ്രസും സമാജ്‌വാദി പാർട്ടിയും അഴിമതികളുടെ ചരിത്രമുള്ളവരാണ്. അവർ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നു. എന്നാൽ അവരുടെ കാലത്ത് ആളുകൾ പട്ടിണി മൂലം മരിക്കുകയും കർഷകർ ആത്മഹത്യ ചെയ്യുകയും യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തു'- ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷം നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ രാജ്യത്തുണ്ടായ മാറ്റങ്ങൾക്ക് നമ്മൾ സാക്ഷികളാണ്. കഴിഞ്ഞ് നാല് വർഷം 80 കോടി പേർക്ക് സൗജന്യ റേഷൻ ലഭിച്ചു. 12 കോടി കർഷകർക്ക് കിസാൻ സമ്മാന് നിധിയുടെ ആനുകൂല്യം ലഭിച്ചെന്നും ആദിത്യനാഥ് അവകാശപ്പെട്ടു. മെയ് 20നാണ് ബാരാബങ്കി ലോക്സഭാ മണ്ഡലത്തിൽ വോട്ടെടുപ്പ്.

അതേസമയം, ബിജെപിക്കെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രം​ഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തോടെ പാർട്ടിക്കെതിരായ ജനരോഷം അതിൻ്റെ പാരമ്യത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ രോഷം വർധിക്കുകയാണ്. ജനങ്ങൾ നുണകൾക്കെതിരെ വോട്ട് ചെയ്യാൻ പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News