ലഫ്റ്റണന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി
നിലവിലെ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി ജൂൺ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
Update: 2024-06-11 19:02 GMT
ന്യൂഡൽഹി: പുതിയ കരസേനാ മേധാവിയായി ലഫ്റ്റണന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ നിയമിച്ചു. നിലവിൽ കരസേനാ ഉപമേധാവിയായ ഇദ്ദേഹം രാജ്യത്തിന്റെ 30ാമത് സൈനിക മേധാവിയായാണ് നിയമിതനാവുന്നത്.
നിലവിലെ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി ജൂൺ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയമനം. കഴിഞ്ഞ മാസം അവസാനം മനോജ് പാണ്ഡെ വിരമിക്കാനിരുന്നതായിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലും കരസേനയിലെ ചില അഡ്മിനിസ്‌ട്രേറ്റീവ് വിഷയങ്ങളും കണക്കിലെടുത്ത് ഒരു മാസം കൂടി കാലാവധി നീട്ടിനൽകുകയായിരുന്നു.
അദ്ദേഹം വിരമിക്കുന്ന ജൂൺ 30ന് തന്നെ പുതിയ കരസേനാ മേധാവി ചുമതലയേൽക്കും. 2022 ഏപ്രിലിലായിരുന്നു മനോജ് പാണ്ഡെ 29ാമത് കരസേനാ മേധാവിയായി ചുമതലയേറ്റത്.