രണ്ടു ഭാര്യമാര്‍, 9 മക്കള്‍, ആറ് കാമുകിമാര്‍ ; തട്ടിപ്പ് നടത്തി ആഡംബരജീവിതം നയിക്കുന്ന സോഷ്യല്‍മീഡിയ താരം അറസ്റ്റില്‍
ബുധനാഴ്ച സരോജിനി നഗർ ഏരിയയിലെ ലഖ്‌നൗ ഹോട്ടലിൽ ഭാര്യക്കൊപ്പം ഇരിക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്
ലഖ്നൗ: ആഡംബര ജീവിതം നയിക്കാന്‍ തട്ടിപ്പുകള്‍ പതിവാക്കിയ സോഷ്യല്‍ മീഡിയ താരം അറസ്റ്റില്‍. ഉത്തര്‍പ്രദേശ് ഗോണ്ട സ്വദേശിയാണ് അജീത് മൗര്യ(41) ആണ് പിടിയിലായത്. ബുധനാഴ്ച സരോജിനി നഗർ ഏരിയയിലെ ലഖ്‌നൗ ഹോട്ടലിൽ ഭാര്യക്കൊപ്പം ഇരിക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്.
വ്യാജനോട്ട്, മണിചെയിന്‍ മോഡല്‍ തട്ടിപ്പ്, ഇന്‍ഷുറന്‍സ് തട്ടിപ്പ് തുടങ്ങി ഒന്‍പത് ക്രിമിനല്‍ കേസുകളിലാണ് ഇയാള്‍ പ്രതിയായത്. രണ്ട് ഭാര്യമാര്‍ക്കു പുറമെ ഇയാള്‍ക്ക് ആറ് കാമുകിമാരുമുണ്ടെന്ന് പൊലീസ് പറയുന്നു. 9 മക്കളും ഇയാള്‍ക്കുണ്ട്. കുടുംബത്തെ പോറ്റാനാണ് തട്ടിപ്പുകള്‍ നടത്തിയതെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഒമ്പത് ക്രിമിനൽ കേസുകളാണ് അജീതിനെതിരെയുള്ളത്. പണം ഇരട്ടിയാക്കി നല്‍കാമെന്ന പേരില്‍ മൂന്നുലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് ധര്‍മേന്ദ്ര കുമാര്‍ എന്നയാള്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് അതീജിന്‍റെ തട്ടിപ്പുകളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള അജീത് സോഷ്യല്‍മീഡിയ റീലുകളിലൂടെയാണ് പ്രശസ്തനായത്.അതിനു മുന്‍പ് വ്യാജ പ്ലാസ്റ്റർ ഓഫ് പാരീസ് സീലിംഗ് നിർമിക്കുന്നത് പതിവായിരുന്നു. ജോലിയില്ലാത്ത സാഹചര്യത്തിലാണ് തട്ടിപ്പുകള്‍ തുടങ്ങുന്നത്. 2000ല്‍ മുംബൈയില്‍ വച്ച് 40കാരിയായ സംഗീതയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഏഴ് കുട്ടികളുണ്ട്. 2010ല്‍ ഗോണ്ടയിലെ തന്‍റെ ഗ്രാമത്തിലേക്ക് മടങ്ങിയെങ്കിലും ലാഭകരമായ ജോലിയൊന്നും കണ്ടെത്താനായില്ല. 2016ല്‍ മൗര്യക്കെതിരെ മോഷണത്തിനും അതിക്രമിച്ചു കടക്കലിനും കേസെടുത്തിരുന്നു.ഇതിനു ശേഷം തട്ടിപ്പുകള്‍ പതിവാക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം 30കാരിയായ സുശീല എന്ന സ്ത്രീയെ പരിചയപ്പെടുകയും വ്യാജ കറന്‍സി പോലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. 2019ല്‍ സുശീലയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ടു മക്കളുമുണ്ട്.
രണ്ടു ഭാര്യമാര്‍ക്കും മക്കള്‍ക്കുമായി രണ്ടു വീടുകള്‍ വീതം അജീത് നിര്‍മിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ആഡംബര ജീവിതമാണ് രണ്ടു കുടുംബങ്ങളും നയിക്കുന്നത്. തട്ടിപ്പിന്‍റെ വിഹിതം രണ്ടു ഭാര്യമാര്‍ക്കും തുല്യമായി വിതരണം ചെയ്യുന്നു. എന്നാല്‍ വാടക വീട്ടിലാണ് മൗര്യ താമസിക്കുന്നത്. ആറ് കാമുകിമാരുള്ള മൗര്യ ഇവര്‍ക്കൊപ്പം ദൂരയാത്രകള്‍ പോകുന്നത് പതിവാണ്. സോഷ്യല്‍മീഡിയ വഴിയാണ് ഇയാള്‍ പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്നത്.