ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ കർഷകരുടെ മോചനത്തിനായി ക്രൗഡ് ഫണ്ടിങ്ങുമായി ഒരു ഗ്രാമം
15 ലക്ഷം രൂപയാണ് സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.
ഭോപ്പാൽ: ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ മൂന്ന് കർഷകരുടെ മോചനത്തിനായി പണം കണ്ടെത്തുന്നതിന് ക്രൗഡ് ഫണ്ടിങ്ങുമായി ഒരു ഗ്രാമം. മധ്യപ്രദേശിലെ ഷിയോപുർ ജില്ലയിലെ ഗ്രാമത്തിലെ ആളുകളാണ് ജനങ്ങളിൽ നിന്ന് പണപ്പിരിവ് ആരംഭിച്ചത്. 15 ലക്ഷം രൂപയാണ് സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.
രാജസ്ഥാനിലെ ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയ റാം സ്വരൂപ് യാദവ്, ഭാട്ടു ബാഗേൽ ഗുദ്ദ ബാഗേൽ എന്നിവരുടെ മോചനത്തിനായാണ് നാട്ടുകാർ കൈകോർക്കുന്നത്. നാല് ദിവസം മുമ്പാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
"ഗ്രാമത്തിലുള്ളവരെല്ലാം പാവപ്പെട്ട ആളുകളാണ്. അവരിൽ കൂടുതൽ പേരും കന്നുകാലി കർഷകരാണ്. തട്ടിക്കൊണ്ടുപോകപ്പെട്ട കർഷകരിലൊരാൾ വളരെ ദരിദ്രനാണ്. അയാളുടെ വീടിന് ശരിയായ മേൽക്കൂര പോലുമില്ല".
"പിന്നെ എങ്ങനെയാണ് അവരുടെ കുടുംബങ്ങൾ മോചനത്തിനായി 15 ലക്ഷം രൂപ മോചനദ്രവ്യമായി നൽകുന്നത്. അതിനാൽ ഞങ്ങൾ പണം സ്വരൂപിക്കുകയാണ്"- മുൻ സർപഞ്ച് സിയറാം ബാഗേൽ പറഞ്ഞു.
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ രാംനിവാസ് റാവത്ത് ഗ്രാമത്തിലെത്തുകയും തട്ടിക്കൊണ്ടുപോകപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുകയും ചെയ്തു. കൊള്ളക്കാരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പല കർഷകരും ആടുകൾ ഉൾപ്പെടെയുള്ള കന്നുകാലികളെ വിൽക്കുകയാണെന്ന് റാവത്ത് പറഞ്ഞു.
"യുവാക്കളെ പിടികൂടിയവരെക്കുറിച്ച് വിവരം തരുന്നവർക്ക് തന്റെ ഓഫീസ് ആദ്യം 10,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ചമ്പൽ റേഞ്ച് എ.ഡി.ജി.പി അത് 30,000 രൂപയായി ഉയർത്തിയിട്ടുണ്ട്"- ഷിയോപൂർ എസ്.പി അലോക് കുമാർ സിങ് പറഞ്ഞു.
ഷിയോപുർ പൊലീസ് രാജസ്ഥാൻ പൊലീസുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെ കർഷകരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. രാജസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ഗുണ്ടാ- കൊള്ളസംഘങ്ങൾ, മധ്യപ്രദേശിലെ ഗ്വാളിയോർ- ചമ്പൽ മേഖലയിലെ അതിർത്തി ജില്ലകളിൽ, പ്രത്യേകിച്ച് ഷിയോപൂർ ജില്ലയിൽ സജീവമാണ്.