'മാന്യവാര്‍' ബഹിഷ്ക്കരിക്കാന്‍ ഹിന്ദു സംഘടനകളുടെ ആഹ്വാനം
പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുംബൈ നേവിയിലെ ഔട്ട്ലെറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
മതവികാരം വ്രണപ്പെടുത്തുന്ന പരസ്യം പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് വസ്ത്ര ബ്രാന്‍ഡായ മാന്യവാറിനെതിരെ ഹിന്ദു ജനജാഗ്രതി സമിതിയുടെ പ്രതിഷേധം. പരസ്യത്തില്‍ കാണിച്ചിരിക്കുന്ന കന്യാദാന്‍ എന്ന വിവാഹ ചടങ്ങ് മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നാണ് സംഘടനയുടെ ആക്ഷേപം. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുംബൈ നേവിയിലെ ഔട്ട്ലെറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
പരസ്യം ഹിന്ദു ആചാരമായ കന്യാദാനത്തെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നു. മതവികാരത്തെ വൃണപ്പെടുത്തുന്ന പരസ്യം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് സംഘടനയുടെ ആവശ്യം. പരസ്യം പിന്‍വലിച്ച് കമ്പനി മാപ്പ് പറയുന്നതുവരെ ബ്രാന്റിന്റെ വസ്ത്രങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ആഹ്വാനം ചെയ്തു.
പ്രമുഖ ബോളിവുഡ് താരം ആലിയ ഭട്ടാണ് പരസ്യചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നേരത്തെ ഇതേ പരസ്യത്തിന്റെ പേരില്‍ ആലിയക്കെതിരെ കങ്കണാ റണാവത്ത് രംഗത്ത് വന്നിരുന്നു. മതവും ന്യൂനപക്ഷ രാഷ്ട്രീയവും അവരുടെ നേട്ടത്തിനായി ഉപയോഗിക്കാനാണ് പരസ്യത്തിലൂടെ ശ്രമിക്കുന്നതെന്ന് കങ്കണ പറയുന്നത്. എന്നാല്‍ ആലിയ അഭിനയിച്ച പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ചില ഇന്ത്യന്‍ ഹിന്ദു വിവാഹങ്ങളില്‍ കണ്ടുവരുന്ന കന്യാദാന്‍ ( ഒരാളുടെ മകളെ വിട്ടുകൊടുക്കുന്നത്) എന്ന സമ്പ്രദായത്തോട് യോജിക്കാത്ത വധുവിനെയാണ് ആലിയ പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതാണ് ഹിന്ദു സംഘടനകളെ പ്രകോപിപ്പിച്ചത്.