'പുതിയ മുസ്‌ലിം വോട്ടർമാരെ പട്ടികയിൽനിന്ന് വെട്ടണം'; മഹാരാഷ്ട്രയിൽ വിവാദമായി പഞ്ചായത്ത് പ്രമേയം

വഖഫ് ബോർഡിനെ ലക്ഷ്യമിട്ട് 2023 ആഗസ്റ്റിൽ ശിംഗനാപ്പൂർ പഞ്ചായത്ത് പുറത്തിറക്കിയ ഉത്തരവും വലിയ വിവാദമായിരുന്നു

Update: 2024-09-17 08:51 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ എത്തിനിൽക്കെ വിവാദമായി പഞ്ചായത്തിന്റെ പ്രമേയം. പുതിയ മുസ്്‌ലിം വോട്ടർമാരെ വോട്ടർപട്ടികയിൽനിന്നു വെട്ടണമെന്ന് പ്രമേയം പാസാക്കിയിരിക്കുകയാണ് കൊൽഹാപൂർ ജില്ലയിൽ ശിംഗനാപ്പൂർ പഞ്ചായത്ത് ഭരണസമിതി. സംഭവം വലിയ വിവാദമായിരിക്കുകയാണ്.

ഗ്രാമത്തിൽ പുതുതായി താമസമാക്കിയ മുസ്‌ലിംകളുടെ പേരുകൾ വോട്ടർപട്ടികയിലുണ്ടെങ്കിൽ നീക്കം ചെയ്യണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പട്ടികയിൽ പുതുതായി മുസ്‌ലിംകളുടെ പേരുചേർക്കരുതെന്നും നിർദേശമുണ്ട്. ഉത്തരവ് വിവാദമായതോടെ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നായിരുന്നു പഞ്ചായത്തിന്റെ വിശദീകരണം.

പ്രമേയത്തെ മുസ്‌ലിം എജ്യുക്കേഷൻ സൊസൈറ്റി(എംഇഎസ്) ഉൾപ്പെടെയുള്ള സംഘടനകളും മനുഷ്യാവകാശ സമിതികളും വിമർശിച്ചു. ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സൊസൈറ്റി ജില്ലാ മജിസ്‌ട്രേറ്റിൽ ഹരജിയും ഫയൽ ചെയ്തിട്ടുണ്ട്. പ്രമേയം പാസാക്കിയവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്നും പഞ്ചായത്ത് ഭരണസമിതിയെ പിരിച്ചുവിടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. മുസ്‌ലിംകളെ സാമൂഹികമായി ബഹിഷ്‌ക്കരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രമേയമെന്ന് എംഇഎസ് പ്രസിഡന്റ് ഗനി അബ്ദുൽ ആജ്‌രേകാർ വിമർശിച്ചു.

എന്നാൽ, നടപടി വിവാദമായതോടെ മുസ്‍ലിം സമുദായത്തോട് മാപ്പുപറഞ്ഞ് പഞ്ചായത്ത് സർപഞ്ച് രസിക പാട്ടീൽ രംഗത്തെത്തി. ഇത്തരത്തിലുള്ള ഒരു നടപടിയുമുണ്ടാകില്ലെന്നും അവർ ഉറപ്പുനൽകി. അതേസമയം, നാട്ടിലെ സൗഹാർദാന്തരീക്ഷം തകർക്കാൻ വേണ്ടി ചിലർ പ്രമേയം തെറ്റായി അവതരിപ്പിക്കുകയാണെന്ന് രസിക ആരോപിക്കുകയും ചെയ്തിട്ടുണ്ട്.

ഇതാദ്യമായല്ല ശിംഗനാപ്പൂർ പഞ്ചായത്ത് മുസ്‌ലിം വിരുദ്ധ ഉത്തരവിലൂടെ വാർത്തകളിൽ നിറയുന്നത്. 2023 ആഗസ്റ്റിൽ മതപരിപാടികൾക്കായി ഭൂമി നൽകുന്നത് വിലക്കി പഞ്ചായത്ത് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. വഖഫ് ബോർഡിനു ഭൂമി നൽകിയാൽ അത് പഞ്ചായത്ത് ഏറ്റെടുക്കുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. ഖബറിസ്ഥാൻ ഉൾപ്പെടെ ഇക്കൂട്ടത്തിൽ ഉൾപ്പെടുമെന്നും വിവാദ തീരുമാനത്തിൽ സൂചിപ്പിച്ചിരുന്നു.

Summary: Maharashtra's Shingnapur Panchayat from Kolhapur district passes resolution barring enrolment of 'new Muslim voters'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News