നടി വൈശാലി ടക്കറിന്റെ മരണം; മുഖ്യപ്രതിയായ മുൻ കാമുകൻ അറസ്റ്റിൽ
പ്രതികളുടെ പേരിൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇൻഡോർ: ഹിന്ദി സീരിയൽ താരം വൈശാലി ടക്കറുടെ മരണത്തിൽ മുഖ്യപ്രതി പിടിയിൽ. അയൽവാസിയും മുൻ കാമുകനുമായ രാഹുൽ നവ്‌ലാനിയാണ് അറസ്റ്റിലായത്. ഇനി ഇയാളുടെ ഭാര്യ ദിഷയാണ് അറസ്റ്റിലാവാനുള്ളത്.
ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഐപിസി 306 വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. നടിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച രാഹുൽ നവ്‌ലാനിയെയും ഭാര്യ ദിഷയെയും കുറിച്ച് വിവരം നൽകുന്നവർക്ക് ഇൻഡോർ പൊലീസ് കമ്മീഷണർ 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇവരുടെ പേരിൽ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇൻഡോറിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
താരത്തിന്റേത് ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. താരത്തിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പിൽ മുൻ കാമുകനായ രാഹുലിന്റെ ഭീഷണിയും ശല്യവും കാരണം താൻ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പറയുന്നുണ്ടെന്ന് ഇൻഡോർ അസിസ്റ്റന്റ് കമ്മിഷണർ മോത്തി ഉർ റഹ്മാൻ അറിയിച്ചിരുന്നു.
ഒക്ടോബർ 16നാണ് ഇൻഡോറിലുള്ള വീട്ടിലെ മുറിയിൽ 26കാരിയായ നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മകളെ കാണാതിരുന്നതിനെ തുടർന്ന് മുറി തുറന്നുനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടതെന്ന് പിതാവ് പ്രതികരിച്ചിരുന്നു.
ആത്മഹത്യയിൽ തേജാജി നഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മുറിയിൽ നിന്ന് നടിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'രക്ഷബന്ധനി'ലാണ് വൈശാലി അവസാനമായി അഭിനയിച്ചത്. 'സസുറാൽ സിമർ കാ', 'യെ രിഷ്ത ക്യാ കെഹ്‌ലാതാ ഹൈ', 'സൂപ്പർ സിസ്റ്റേഴ്‌സ്' തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരമാണ് വൈശാലി.