തീകൊണ്ട് കളിക്കരുത്, നുപൂർ ശർമയെ അറസ്റ്റ് ചെയ്യണം; ബിജെപിക്കെതിരെ മമത

ഇതൊരു തീക്കളിയാണെന്നതിനാലാണ് നുപൂർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മമത പറഞ്ഞു. താൻ ഒരിക്കലും ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

Update: 2022-07-04 11:23 GMT
Advertising

കൊൽക്കത്ത: പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നുപൂർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. എന്തുകൊണ്ടാണ് ഇനിയും അവരെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നതെന്നും മമത ചോദിച്ചു. ഇന്ത്യാ ടുഡെ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അവർ.

ജനങ്ങളെ ഭിന്നിപ്പിക്കാനായി ബിജെപി നടത്തുന്ന ഗുഢാലോചനയുടെ ഭാഗമായാണ് മുഴുവൻ വിവാദങ്ങളും ഉണ്ടായതെന്നും മമത പറഞ്ഞു. ''ഇതൊരു ഗൂഢാലോചനയാണ്. ഒരു വിദ്വേഷ നയം, ബിജെപിയുടെ ഭിന്നിപ്പിക്കൽ നയം'' - മമത പറഞ്ഞു.

ഇതൊരു തീക്കളിയാണെന്നതിനാലാണ് നുപൂർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മമത പറഞ്ഞു. താൻ ഒരിക്കലും ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും സിഖുകാർക്കും ജൈനർക്കും ബുദ്ധർക്കും അടക്കം എല്ലാവർക്കും വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും മമത പറഞ്ഞു.

പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട കേസിൽ നുപൂർ ശർമക്കെതിരെ കൊൽക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. രണ്ട് കേസുകളാണ് നുപൂർ ശർമക്കെതിരെ കൊൽക്കത്ത പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലുക്കൗട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെയാണ് നുപൂർ ശർമയുടെ അറസ്റ്റ് ആവശ്യപ്പെട്ട് മമത വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News