ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമം യു.പി.എസ്.സി ചോദ്യപേപ്പറില്‍; അമര്‍ഷവുമായി മമത ബാനര്‍ജി
ബി.ജെ.പി നൽകിയ ചോദ്യങ്ങളാണ് പരീക്ഷയിൽ യു.പി.എസ്.സി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളെ കേന്ദ്രം ദുർബലപ്പെടുത്തിയെന്നുമാണ് മമതയുടെ കുറ്റപ്പെടുത്തല്‍
ബംഗാളില്‍ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള യു.പി.എസ്.സി ചോദ്യത്തെ ചൊല്ലി മമത ബാനർജിയും കേന്ദ്രസർക്കാറും തമ്മില്‍ വാക്യുദ്ധം. സിവിൽ സായുധ സേനയിലേക്കുള്ള യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്‍റെ പരീക്ഷയിലായിരുന്നു ചോദ്യം ഉള്‍പ്പെടുത്തിയത്. ബി.ജെ.പി നൽകിയ ചോദ്യങ്ങളാണ് പരീക്ഷയിൽ യു.പി.എസ്.സി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളെ കേന്ദ്രം ദുർബലപ്പെടുത്തിയെന്നുമാണ് മമതയുടെ കുറ്റപ്പെടുത്തല്‍.
ബംഗാളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമത്തെക്കുറിച്ച് എഴുതാനായിരുന്നു പരീക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് രാഷ്ട്രീയം മുന്നിൽ കണ്ടുള്ള ചോദ്യമാണെന്നും കൊൽക്കത്തയിൽ മാധ്യമങ്ങളോട് സംസാരിക്കവേ മമത ആരോപിച്ചു. യു.പി.എസ്.സി പരീക്ഷയില്‍ കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള ചോദ്യം പോലും രാഷ്ട്രീയ പ്രേരിതമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലേറിയെങ്കിലും നന്ദിഗ്രാമിൽ മമത ബാനര്‍ജി സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം വ്യാപക അക്രമ സംഭവങ്ങളാണ് ബംഗാളില്‍ അരങ്ങേറിയത്. സംഘർഷം അടിച്ചമർത്തുന്നതിൽ സംസ്ഥാനം മൃദു സമീപനം സ്വീകരിച്ചുവെന്നായിരുന്നു ബി.ജെ.പിയുടെ വാദം. എന്നാല്‍ അക്രമ സംഭവങ്ങളുടെ വ്യാജ വിഡിയോകളും ചിത്രങ്ങളുമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടതെന്നായിരുന്നു ബംഗാൾ സർക്കാർ സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മേയ് രണ്ടിന് സംസ്ഥാന പൊലീസ് സേന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയന്ത്രണത്തിലായിരുന്നെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.