2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.പിയില്‍ മത്സരിക്കും: മമത ബാനര്‍ജി

പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നാല്‍ 2024ല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് മമത ബാനര്‍ജി

Update: 2022-02-02 11:01 GMT
Advertising

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജി. ചെറിയ പാർട്ടികൾ ബി.ജെ.പിക്കെതിരെ ഒന്നിക്കണം. സമാജ്‍വാദി പാർട്ടിക്കും അഖിലേഷ് യാദവിനുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം എട്ടിന് ഉത്തര്‍പ്രദേശിലെത്തുമെന്നും മമത ബാനര്‍ജി വിശദീകരിച്ചു.

"ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഞങ്ങള്‍ മത്സരിക്കുന്നില്ല. അഖിലേഷ് യാദവിന് പിന്തുണ നല്‍കാന്‍ ഫെബ്രുവരി എട്ടിന് ഞാന്‍ ഉത്തര്‍പ്രദേശിലെത്തും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ യു.പിയില്‍ മത്സരിക്കും. പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നാല്‍ 2024ല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയും "- മമത ബാനര്‍ജി വ്യക്തമാക്കി.

ഗോവയിലും ത്രിപുരയിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സജീവമാക്കിയെന്നും മമത പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റിലും തൃണമൂല്‍ വിജയിക്കും. എട്ട് ബി.ജെ.പി നേതാക്കള്‍ തൃണമൂലിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നും മമത ബാനര്‍ജി പറഞ്ഞു.

നിര്‍മല സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമായി ഒന്നും പ്രഖ്യാപിച്ചില്ലെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു. ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നതാണ് തൃണമൂലിന്‍റെ നയം. അല്ലാതെ ഏജന്‍സികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നതല്ലെന്നും മമത പറഞ്ഞു.

"ബി.ജെ.പിക്ക് മൂന്ന് ആഭരണങ്ങളുണ്ട്- ഇ.ഡി [എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്], സി.ബി.ഐ [സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ], പണം". പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെതിരെയും മമത രൂക്ഷമായ വിമര്ശനം ഉന്നയിച്ചു- "ബി.ജെ.പിക്ക് സംസ്ഥാനത്ത് ദല്ലാളന്മാരുണ്ട്. പെഗാസസിനേക്കാൾ അപകടകാരിയാണ്".


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News