ഭവാനിപൂരിൽ ചരിത്രം കുറിച്ച് മമത; ബി.ജെ.പി സ്ഥാനാർഥിക്ക് ആകെ കിട്ടിയ വോട്ടിന്റെ ഇരട്ടി ഭൂരിപക്ഷം
ഭവാനിപൂർ മണ്ഡലത്തിൽ ഇതുവരെ ഒരു സ്ഥാനാർഥിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷമാണ് മമത സ്വന്തമാക്കിയത്. ബി.ജെ.പിയുടെ ഗൂഢാലോചന പരാജയപ്പെട്ടെന്നായിരുന്നു വിജയത്തിന് ശേഷം മമതയുടെ പ്രതികരണം.
ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മമതയെ തോൽപ്പിക്കാൻ എല്ലാ അടവുകളും പയറ്റിയെ ബി.ജെ.പി സ്ഥാനാർഥിയെ നിഷ്പ്രഭയാക്കിയാണ് മമത ജയിച്ചുകയറിയത്. ബി.ജെ.പി സ്ഥാനാർഥി പ്രിയങ്ക ട്രിബിവാൾ നേടിയ വോട്ടിന്റെ ഇരട്ടി ഭൂരിപക്ഷത്തോടെയാണ് മമത ജയിച്ചുകയറിയത്. ട്രിബിവാളിന് ആകെ കിട്ടിയത് 24,396 വോട്ടാണ്, എന്നാൽ 58,389 വോട്ടാണ് മമതയുടെ ഭൂരിപക്ഷം.
ഭവാനിപൂർ മണ്ഡലത്തിൽ ഇതുവരെ ഒരു സ്ഥാനാർഥിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷമാണ് മമത സ്വന്തമാക്കിയത്. ബി.ജെ.പിയുടെ ഗൂഢാലോചന പരാജയപ്പെട്ടെന്നായിരുന്നു വിജയത്തിന് ശേഷം മമതയുടെ പ്രതികരണം. കൂറ്റൻ ജയം സമ്മാനിച്ച ഭവാനിപൂരിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും മമത പറഞ്ഞു. ഭവാനിപൂരിലെ എല്ലാ വാർഡുകളിലും മമതക്കാണ് ഭൂരിപക്ഷം.
ഭവാനിപൂരിൽ മമതക്ക് മത്സരിക്കാനായി സീറ്റ് ഒഴിഞ്ഞുകൊടുത്ത സിറ്റിങ് എം.എൽ.എ ശോഭൻ ദേവിന് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്നും മമത പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന സംസാർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസാണ് മുന്നിൽ. സംസാർഗഞ്ചിൽ തൃണമൂൽ സ്ഥാനാർഥി 3,768 വോട്ടും ജംഗിപൂരിൽ ജാകിർ ഹുസൈന് 15,643 വോട്ടും ലീഡുണ്ട്.
#WestBengal Chief Minister Mamata Banerjee greets her supporters outside her residence in Kolkata.
— NDTV (@ndtv) October 3, 2021
(ANI) pic.twitter.com/Q4ART9PNKm