'പ്രണയത്തിന് തടസ്സം നിന്നു'; കാമുകിയുടെ സുഹൃത്തിനെ ഹോസ്റ്റലിൽ കയറി കഴുത്തറുത്ത് കൊന്ന് യുവാവ്
കൊല്ലപ്പെട്ട കൃതി കുമാരി ഇരുവർക്കുമിടയിലെ തർക്കത്തിൽ ഇടപെടുകയും സംസാരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറാനും കൃതിയാണ് സഹായിച്ചത്
ബംഗളൂരു: കോറമംഗലയിലെ പി.ജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. 24 കാരിയായ ബിഹാര്‍ സ്വദേശി കൃതി കുമാരിയെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് ഹോസ്റ്റൽ മുറിയിലെത്തിയ പ്രതി കഴുത്തറുത്ത് കൊന്നത്. പ്രതി അഭിഷേകിനെ മധ്യപ്രദേശിൽ നിന്നാണ് പിടികൂടിയത്.
കൃതിയുടെ സുഹൃത്തും സഹവാസിയുമായ പെൺകുട്ടിയുടെ മുൻ കാമുകനാണ് കൊലപാതകി. സുഹൃത്തിന്റെയും പ്രതിയുടേയും പ്രണയം അടുത്തിടെ വേർപിരിഞ്ഞിരുന്നു. ഇതിന് കാരണം കൃതിയാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അഭിഷേകും കാമുകിയും തമ്മിൽ പലപ്പോഴായി വഴക്കും വാക്കേറ്റവും ഉണ്ടാകാറുണ്ട്. അഭിഷേകിന് ജോലിയില്ലാത്ത കാര്യം പറഞ്ഞാണ് ഇരുവർക്കുമിടയിൽ തർക്കം രൂക്ഷമായിരുന്നത്. ഇതിൽ കൃതി ഇടപെടുകയും സംസാരിക്കുകയും ചെയ്തിരുന്നു. കാമുകി പിന്നീട് അഭിഷേകിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങിയതോടെ കൃതിക്ക് അതിൽ പങ്കുണ്ടെന്ന് കരുതിയ അഭിഷേക് കൃത്യംചെയ്യുകയായിരുന്നു.
പലപ്പോഴായി ഹോസ്റ്റലിന് മുന്നിലെത്തി ബഹളം വെച്ച അഭിഷേകിൽ നിന്നും കൃതിയാണ് യുവതിയെ മറ്റൊരു ഹോസ്റ്റലിലേക്ക് മാറാൻ സഹായിച്ചത്. ഇരുവരും യുവാവിന്റെ ഫോൺ എടുക്കുന്നതും ഒഴിവാക്കിയിരുന്നു.
അതേസമയം സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹോസ്റ്റലിനകത്ത് പ്രവേശിച്ച പ്രതി വരാന്തയിലൂടെ നടന്ന് വന്ന് മുറിയുടെ വാതിൽ മുട്ടുന്നതും പുറത്തിറങ്ങിയ കൃതിയെ മർദിച്ച് കഴുത്തറുത്ത് കുത്തി വീഴ്ത്തുന്നതുമാണ് ദൃശ്യത്തിലുള്ളത്.