സൈനിക വേഷത്തില്‍ ദേശീയ പതാകയുമേന്തി നൃത്തം; യോഗാ വേദിയില്‍ കുഴഞ്ഞു വീണ് മരിച്ച് പരിശീലകന്‍
പ്രകടനത്തിന്റെ ഭാഗമാണെന്ന് കരുതി പ്രേക്ഷകര്‍ നോക്കി നില്‍ക്കുകയും കൈയടിച്ച് പ്രോത്സാഹിപ്പിക്കുയും ചെയ്തു.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യോഗ ക്യാമ്പിൽ ദേശീയ പതാകയുമായി പ്രകടനം നടത്തുന്നതിനിടെ യോഗ പരീശിലകന്‍ കുഞ്ഞുവീണു മരിച്ചു. ബൽവീർ സിങ് ഛബ്ര (73) ആണ് മരിച്ചത്. യോഗ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ദേശീയപതാകയുമേന്തി 'മാ തുജെ സലാം' എന്ന ദേശഭക്തിഗാനം ആലപിക്കുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
എന്നാൽ ഇത് പ്രകടനത്തിന്റെ ഭാഗമാണെന്ന് കരുതി പ്രേക്ഷകര്‍ നോക്കി നില്‍ക്കുകയും കൈയടിച്ച് പ്രോത്സാഹിപ്പിക്കുയും ചെയ്തു. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും പരിശീലകൻ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കുഴഞ്ഞവീണതായി മനസിലാക്കിയത്. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
'ഛബ്ര പെട്ടെന്ന് അബോധാവസ്ഥയിലാവുകയും കുഴഞ്ഞുവീഴുകയും ചെയ്തു. അദ്ദേഹത്തിൻ്റെ പ്രകടനത്തിൻ്റെ ഭാഗമാണെന്നാണ് ആദ്യം ഞങ്ങൾ കരുതിയത്. എന്നാൽ അദ്ദേഹം ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തപ്പോൾ സംശയം തോന്നി' ക്യാമ്പിലുണ്ടായിരുന്നു രാജ്കുമാർ ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു.
വർഷങ്ങളായി എന്റെ പിതാവ് ദേശഭക്തി ഗാനങ്ങളിൽ നൃത്തം ചെയ്യാറുണ്ടെന്നും സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ആളാണെന്നും ഛബ്രയുടെ മകൻ ജഗ്ജിത് സിങ് പ്രകടനത്തിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചു.