കുട്ടികളില്ലാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കി; അയൽവാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

ഭാര്യയുടെ മുന്നിൽവെച്ച് കുട്ടികളില്ലാത്ത കാര്യത്തെക്കുറിച്ച് ദിവസവും സംസാരിക്കുന്നത് റോബിനെ അസ്വസ്ഥനാക്കിയിരുന്നെന്നും പൊലീസ് പറയുന്നു

Update: 2023-07-09 02:51 GMT
Editor : Lissy P | By : Web Desk
Advertising

ലുധിയാന:  കുട്ടികളില്ലാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കിയ അയൽവാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിലെ സേലം താബ്രിയിലാണ് സംഭവം. പ്രതിയായ 46 കാരനായ റോബിൻ എന്ന മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തു.

റോബിന്റെ അയൽവാസികളായ സ്ത്രീയും അവരുടെ ഭർത്താവും അമ്മായിയമ്മയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കമ്മീഷണർ മന്ദീപ് സിംഗ് സിദ്ധു മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുരീന്ദർ കൗർ ( 70), ഭർത്താവ് ചമൻ ലാൽ (75), അമ്മായിയമ്മ സുർജിത് (90) എന്നിവരെയാണ് റോബിൻ ചുറ്റിക തലക്കടിച്ച് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ റോബിന് വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും കുട്ടികളുണ്ടായിരുന്നില്ല. കുട്ടികളുണ്ടാകാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കുകയും കുട്ടികൾ ഉണ്ടാകാൻ ചികിത്സ നടത്തണമെന്നും കൊല്ലപ്പെട്ട സുരീന്ദർ കൗർ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടെ മുന്നിൽവെച്ച് ഇക്കാര്യത്തെക്കുറിച്ച് ദിവസവും സംസാരിക്കുന്നതും റോബിനെ അസ്വസ്ഥനാക്കിയിരുന്നെന്നും പൊലീസ് പറയുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ ചുറ്റികയുമായെത്തിയ റോബിൻ വീട്ടിൽ കയറി മൂന്നുപേരെയുംകൊല്ലുകയായിരുന്നു. കൊലപാതകം അപകട മരണമാക്കാൻ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നിട്ട് തീയിടുകയും തെളിവ് നശിപ്പിക്കുകയും ചെയ്തു.

വെള്ളിയാഴ്ച വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ട പാൽക്കാരനാണ് അയൽവാസികളെ വിവരം അറിയിച്ചത്. കഴിഞ്ഞദിവസവും ഇവിടെ ആളുണ്ടായിരുന്നില്ലെന്നും പാൽക്കാരൻ പറഞ്ഞു. തുടർന്ന് അയൽക്കാർ മുൻവശത്തെ മതിൽ പൊളിച്ച് വീടിനുള്ളിൽ കയറി നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറ്റം ചെയ്തതായി റോബിൻ സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരാളുടെ ക്യാമറയും മൊബൈൽ ഫോണും അടങ്ങിയ ബാഗ് റോബിനിനൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. താൻ ജയിലിൽ പോയാൽ ഭാര്യയെ നോക്കാൻ ആരുമില്ലെന്നും അതിനാൽ ഭാര്യയെയും അറസ്റ്റ് ചെയ്യണമെന്നും ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News