ഇത് യുപിയിലെ 'പഞ്ചവടി റോഡ്'; 3.8 കോടി ചെലവില്‍ നിര്‍മിച്ച റോഡ് കൈ കൊണ്ട് ഇളക്കി മാറ്റി യുവാവ്: വീഡിയോ
തന്‍റെ ഗ്രാമത്തിലെ റോഡുകളുടെ ശോച്യാവസ്ഥ കാണിച്ചുകൊണ്ട് യുപി സ്വദേശി ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്
പിലിഭിത്ത്: കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ ഇന്ത്യന്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പതിവ് കാഴ്ചയാണ്. ചിലയിടത്ത് റോഡ് അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെങ്കിലും ഗുണനിലവാരമില്ലായ്മ നിരത്തുകളെ ശോചനീയമാക്കുന്നു. റോഡ് നിര്‍മാണത്തിന്‍റെ മറവില്‍ നടക്കുന്ന അഴിമതി വേറെയും. തന്‍റെ ഗ്രാമത്തിലെ റോഡുകളുടെ ശോച്യാവസ്ഥ കാണിച്ചുകൊണ്ട് യുപി സ്വദേശി ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
യുപിയിലെ പിലിഭിത്ത് ജില്ലയില്‍ പുതുതായി നിര്‍മിച്ച റോഡാണ് വീഡിയോയിലുള്ളത്. പ്രധാനമന്ത്രി സടക് യോജനയുടെ ഭാഗമായി നിര്‍മിച്ച ഏഴ് കിലോമീറ്റർ നീളമുള്ള റോഡ് പുരൻപൂരിനെ യുപിയിലെ ഭഗവന്തപൂർ ഗ്രാമവുമായി ബന്ധിപ്പിക്കുന്നതാണ്. 3.8 കോടി രൂപ മുതല്‍മുടക്കിയാണ് റോഡ് നിര്‍മിച്ചത്. സംഭവത്തിനെക്കുറിച്ചുള്ള വീഡിയോയിൽ ഭഗവന്തപൂർ സ്വദേശി വെറും കൈകൾ ഉപയോഗിച്ച് ടാറിട്ട പുറം പാളി കീറുന്നത് കാണിക്കുന്നു. വളരെ എളുപ്പത്തിലാണ് ഇയാള്‍ ഈ പ്രവൃത്തി ചെയ്യുന്നത്. 3 കോടി 80 ലക്ഷം രൂപ പൊതുപണം മുടക്കി റോഡ് നിർമിക്കാൻ ടെൻഡർ നൽകിയ കരാറുകാരനെതിരെ നടപടിയെടുക്കണമെന്ന് ഇയാൾ അധികൃതരോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം.
ഈയിടെ ഒരു വാഹനം ബ്രേക്ക് ഇട്ടപ്പോള്‍ പോലും പുതുതായി നിര്‍മിച്ച റോഡ് തകര്‍ന്നുവെന്ന് ആജ് തക് റിപ്പോര്‍ട്ടില്‍ പറയുന്നു. റോഡ് നിർമാണത്തിന് ഗുണനിലവാരമില്ലാത്ത മെറ്റീരിയലുകള്‍ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
पीलीभीत में 3.81 करोड़ रुपये से बनी नई सड़क, शख्स ने हाथों से उखाड़ कर दिखाई क्वालिटी#Pilibhit #UttarPradesh #BrokenRoads pic.twitter.com/lhkMZMJDCX
— Zee News (@ZeeNews) November 13, 2022