രാജ്യത്തെ ഏറ്റവും മോശം വനം വകുപ്പാണ് കേരളത്തിലേത്: മനേക ഗാന്ധി
തിരുവനന്തപുരത്ത് കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തിലാണ് വിമര്‍ശനം
ഡല്‍ഹി: കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധി. രാജ്യത്തെ ഏറ്റവും മോശം വനം വകുപ്പാണ് കേരളത്തിലേതെന്ന് മനേക ഗാന്ധി കുറ്റപ്പെടുത്തി. മൃഗങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ കേരളം രാജ്യത്തെ നാണം കെടുത്തുകയാണ്. തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തിലാണ് വിമര്‍ശനം. കരടിയെ മയക്കുവെടിവെയ്ക്കാൻ തീരുമാനമെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് മനേക ഗാന്ധി ആവശ്യപ്പെട്ടു.
രക്ഷാദൌത്യത്തിനിടെയാണ് തിരുവനന്തപുരം വെള്ളനാട് കരടി ചത്തത്. ഈ സംഭവത്തില്‍ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വെള്ളത്തില്‍ കിടക്കുന്ന വന്യമൃഗത്തെ പിടികൂടുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ല. വിശദമായ റിപ്പോര്‍ട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രണ്ട് ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും.
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെയും വന്യ ജീവി ബോര്‍ഡിന്‍റെയും അനുമതിയോടെയാണ് മയക്കുവെടി വെച്ചത്. പക്ഷേ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മയക്കുവെടി വെക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. വെള്ളത്തില്‍ കിടക്കുന്ന വന്യജീവിക്ക് മയക്കുവെടി വെക്കുമ്പോള്‍ അത് താഴ്ന്ന് പോകില്ലെന്ന് കൂടി ഉറപ്പാക്കേണ്ടതാണ്. എന്നാല്‍ മയക്കുവെടി ഏറ്റ കരടി വലയുടെ ഒരു ഭാഗത്തുകൂടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തിരുവനന്തപുരം ഡിഎഫ്ഒയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മറ്റ് കാര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അതിനിടയില്‍ മുഖ്യമന്ത്രിയെ കണ്ട വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രാഥമിക റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. വീഴ്ച പറ്റിയെന്ന ആക്ഷേപം വിശദമായി പരിശോധിക്കാനും തീരുമാനിച്ചു.