മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ട 35 കുകി വിഭാഗക്കാരുടെ കൂട്ടസംസ്കാരം തടഞ്ഞ് ഹൈക്കോടതി
സ്ഥലം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്കാരം നടത്തിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും മെയ്തെയ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു
ന്യൂഡല്‍ഹി: മണിപ്പൂരിൽ കൊല്ലപ്പെട്ട 35 കുകി വിഭാഗക്കാരുടെ സംസ്കാരം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. സംസ്കാരം നടത്താൻ നിശ്ചയിച്ച സ്ഥലത്ത് തല്‍സ്ഥിതി തുടരാന്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടു. മെയ്തെയ് വിഭാഗത്തിന്റെ ഹരജിയിലാണ് നടപടി.
ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിൽ മോർച്ചറിൽ മൂന്ന് മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് ഇന്ന് 11 മണിക്ക് സംസ്കാരം നടത്താൻ കുകി സംഘടനകൾ തീരുമാനിച്ചത് . മെയ്തെയ് വിഭാഗത്തിന് ആധിപത്യമുള്ള ചുരാചന്ദ്പൂർ - ബിഷ്ണുപൂർ അതിർത്തിയായ ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്കാരം നിശ്ചയിച്ചിരുന്നത്. സംസ്കാരം നടത്തേണ്ട സ്ഥലം ഞങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്കാരം നടത്തിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും മെയ്തെയ്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, ഇത് അവഗണിച്ച് വിവിധ ഗോത്ര വിഭാഗങ്ങളുടെ കൂട്ടായ്മയാണ് ഐടിഎൽഎഫ്ന്റെ നേതൃത്വത്തിൽ സംസ്കാരം നടത്താൻ തീരുമാനിക്കുകയിരുന്നു. ഇതോടെയാണ് മെയ്തെയ് ഇന്റർനാഷണൽ ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് ഹൈക്കോടതിയെ സമീപിക്കുകയും ആറുമണിക്ക് കേസ് പരിഗണിച്ച് കോടതി സംസ്കാരം തടഞ്ഞത്. വിഷയത്തിൽ രമ്യമായ ഒത്തുതീർപ്പിന് ശ്രമിക്കണമെന്ന് സംസ്ഥാന-കേന്ദ്ര സർക്കാരുകളോടും കോടതി നിർദേശിച്ചു. ഉത്തരവ് വന്നതിന് പിന്നാലെ ആയുധങ്ങളുമായി ഇരുവിഭാഗവും മുഖാമുഖം നിരന്നിരിക്കുകയാണ്. അര്‍ധസൈനിക വിഭാഗം മണിപ്പൂരിൽ കനത്ത ജാഗ്രതയിലാണ്. ഒമ്പത് കോൾഡ് സ്റ്റോറേജ് മാത്രമുള്ള ആശുപത്രിയിൽ പരമ്പരാഗത രീതിയിൽ മത്തങ്ങകളും ഐസ് സ്ലാബും ഉപയോഗിച്ചാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.