മണിപ്പൂർ സംഘർഷത്തിന്‍റെ തീവ്രത വ്യക്തമാക്കി സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

ഏറ്റവും കൂടുതൽ തീവെപ്പുകൾ നടന്നത് ചുരാചാന്ദ്പൂരിലും ബിഷ്ണുപൂരിലുമാണ്

Update: 2023-07-25 07:40 GMT
Advertising

ഇംഫാല്‍: മണിപ്പൂർ സംഘർഷത്തിന്‍റെ തീവ്രത വ്യക്തമാക്കി സാറ്റലൈറ്റ് ചിത്രങ്ങൾ. ഏറ്റവും കൂടുതൽ തീവെപ്പുകൾ നടന്നത് ചുരാചാന്ദ്പൂരിലും ബിഷ്ണുപൂരിലുമാണ്. നിരവധി കുക്കി, മെയെതെയ് ഗ്രാമങ്ങൾ പൂർണമായും കത്തിനശിച്ചതായി സാറ്റലൈറ്റ് ചിത്രങ്ങളിൽ വ്യക്തമാണ്. വീടുകളും സ്കൂളുകളും ആരാധനാലയങ്ങളും അഗ്നിക്കിരയായി. സാറ്റലൈറ്റ് ചിത്രങ്ങൾ മീഡിയവണിന് ലഭിച്ചു.

സംഘർഷം ആരംഭിച്ച മെയ് മൂന്നിന് ശേഷമുള്ള സാറ്റലൈറ്റ് ചിത്രങ്ങളിലാണ് ഗ്രാമങ്ങൾ കത്തിയമർന്നതായി കാണുന്നത്. ചുരാചാന്ദ്പൂരിലും ബിഷ്ണുപൂരിലും കാങ്‌പോക്പിയിലും സമാന സ്ഥിതിയാണ്. 250 ചർച്ചുകളും 200ലധികം ഗ്രാമങ്ങളും നിരവധി സ്കൂളുകളും തകർക്കപ്പെട്ടെന്നാണ് ഇരുവിഭാഗങ്ങളും പറയുന്നത്. സ്കൂളുകൾ ഉൾപ്പെടെ കത്തിച്ചതോടെ വിദ്യാർഥികളുടെ മുന്നോട്ടുള്ള പഠനവും നിലച്ചു. വീടുകൾ ഉൾപ്പെടെ നഷ്ടമായ 50000 ലധികം പേരാണ് 350 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. 

അതിനിടെ മണിപ്പൂരില്‍ കുകി വിഭാഗത്തിലെ രണ്ട് യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിലായി. ഇതുവരെ അറസ്റ്റിലായത് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴ് പേരാണ്. കഴിഞ്ഞ ദിവസം ചുരാചന്ദ്പൂർ - ബിഷ്ണുപൂർ അതിർത്തിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. മണിപ്പൂരിൽ ഇതുവരെ 27 കുകി-സോമി വനിതകൾ കൊല്ലപ്പെട്ടതായി വിവിധ കുകി സംഘടനകൾ അറിയിച്ചു.

മണിപ്പൂര്‍ വിഷയത്തെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നലെയും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തി മണിപ്പൂരിലെ സ്ഥിതി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. സഭയ്ക്ക് പുറത്ത് സംസാരിക്കാൻ അറിയുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സഭയ്ക്ക് ഉള്ളിൽ സംസാരിക്കുന്നില്ല എന്ന് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യയെ പ്രതിനിധീകരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News