വിദേശയാത്ര നടത്താത്തവര്‍ക്കും ഒമിക്രോണ്‍; സാമൂഹ്യവ്യാപനം നടന്നിരിക്കാമെന്ന് ഡല്‍ഹി മന്ത്രി

ഒമിക്രോണ്‍ ബാധിച്ച അറുപതോളം പേര്‍ അന്താരാഷ്ട്ര യാത്ര നടത്തുകയോ അന്താരാഷ്ട്ര യാത്ര കഴിഞ്ഞെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല

Update: 2021-12-30 07:10 GMT
Advertising

ഡല്‍ഹിയില്‍ വിദേശയാത്ര നടത്താത്തവര്‍ക്കും വിദേശത്തുനിന്ന് വന്നവരുമായി സമ്പര്‍ക്കം ഇല്ലാത്തവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. അതിനര്‍ഥം ഒമിക്രോണിന്‍റെ സാമൂഹ്യ വ്യാപനം നടന്നു കഴിഞ്ഞു എന്നാണെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ഒമിക്രോൺ കേസുകളുടെ എണ്ണം 961 ആയി. ഡൽഹിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍‌ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്- 263 പേര്‍ക്ക്. ഇതില്‍ അറുപതോളം പേര്‍ അന്താരാഷ്ട്ര യാത്ര നടത്തുകയോ അന്താരാഷ്ട്ര യാത്ര കഴിഞ്ഞെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ലെന്ന് ഡല്‍ഹി ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതുകൊണ്ടാണ് ഒമിക്രോണിന്‍റെ സാമൂഹ്യവ്യാപനം നടന്നിരിക്കാമെന്ന നിഗമനത്തില്‍ ഡല്‍ഹി ദുരന്ത നിവാരണ അതോരിറ്റി എത്തിച്ചേര്‍ന്നത്.

മഹാരാഷ്ട്രയില്‍ 252 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ 97 പേര്‍ക്കും രാജസ്ഥാനില്‍ 69 പേര്‍ക്കും കേരളത്തില്‍ 65 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 22 സംസ്ഥാനങ്ങളില്‍ ഒമിക്രോൺ കണ്ടെത്തി. 320 പേർ രോഗമുക്തരായി.

ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുതുവർഷ തലേന്ന്, പ്രത്യേകിച്ച് കൊണാട്ട് പ്ലേസ് പോലുള്ള വാണിജ്യ കേന്ദ്രങ്ങളിലും പരിസരങ്ങളിലും വിപുലമായ ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു. നിയന്ത്രണം സ്വകാര്യ വാഹനങ്ങള്‍ക്കും പൊതുഗതാഗതത്തിനും ബാധകമായിരിക്കും.

ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നതിനാല്‍ ഡല്‍ഹി ഇതിനകം ഭാഗിക ലോക്ഡൌണിലാണ്. സ്കൂളുകള്‍‍, കോളജുകള്‍, ജിമ്മുകള്‍, തിയറ്ററുകള്‍ എന്നിവ അടച്ചു. റെസ്റ്റോറന്‍റുകളിലും ബാറുകളിലും 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഡല്‍ഹിയില്‍ ജൂണിന് ശേഷം ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേര്‍ മരിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,48,22,040 ആയി. ആകെ മരണം 4,80,860 ആയി. നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 82,402 ആണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News