മീഡിയവൺ ഡൽഹി ബ്യൂറോ ചീഫ് ധനസുമോദിനെ ആക്രമിച്ചവർ പിടിയിൽ
രണ്ടു പേരെ പിടികൂടി. മൂന്നാമനായി തെരച്ചില്‍ തുടരുന്നു
ഡല്‍ഹി: മീഡിയവൺ ഡൽഹി ബ്യൂറോ ചീഫ് ഡി.ധനസുമോദിനെ ആക്രമിച്ചവർ പിടിയിൽ. റോഷൻ ഭാരതി, ശിവംകുമാർ എന്നിവരെയാണ് പിടികൂടിയത്. പിടിയിലായ റോഷൻ ഭാരതി നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. ഇവരുടെ കൂട്ടാളിയായ അമ്പർ പാണ്ഡേക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഏപ്രില്‍ 22ന് രാത്രി 9 മണിയോടെ ഡല്‍ഹിയില്‍ സഞ്ജയ് പാർക്കിന് സമീപത്തുവെച്ചാണ് അക്രമികൾ കത്തികൊണ്ട് ധനസുമോദിനെ കുത്തിയത്. മുതുകിലാണ് കുത്തേറ്റത്. മോഷണശ്രമം ചെറുക്കുന്നതിനിടെയായിരുന്നു ആക്രമണം.
"ഡൽഹി മയൂർ വിഹാർ ഫേസ് ടുവിന് അടുത്ത് സഞ്ജയ് പാർക്കിന് അടുത്ത് വച്ചായിരുന്നു സംഭവം. തീപ്പെട്ടി ചോദിച്ചു എത്തിയ മൂന്ന് പേരിൽ ഒരാൾ എന്നോട് സംസാരിക്കുമ്പോൾ രണ്ടാമൻ കൈകൾ പിന്നിലേക്ക് പിടിച്ചുവച്ചു. മൂന്നാമൻ പോക്കറ്റിൽ പരതാനും കഴുത്തിൽ ഇല്ലാത്ത മാലയ്ക്ക് വേണ്ടി തിരയാനും തുടങ്ങി. പേഴ്‌സും മൊബൈലും ഫോണുകളും നൽകിയാൽ വെറുതെ വിടാമെന്നും ഇല്ലെങ്കിൽ കുത്തിക്കൊല്ലും എന്നായി ഭീഷണി. ഞാൻ ശബ്ദം ഉയർത്തിയതും ഒരാൾ വായ് പൊത്തിപിടിച്ചു കത്തി കയറ്റെടാ എന്ന് ഒരാൾ വിളിച്ചു പറഞ്ഞതും ഒരുത്തൻ ആറേഴു കുത്ത്. മൂന്ന് കുത്ത് ബാഗിലെ ഡ്രാഫ്റ്റ് തിസീസിന്റെ പുറത്തായിരുന്നു. ഒന്ന് പിന്നിലും മുതുകിലും കാലിലും കൊണ്ടു. ഈ സമയം ഒരാള്‍ എന്റെ പോക്കറ്റിൽ കൈയിട്ടു പേഴ്‌സും ചെറിയ ഫോണും കൈക്കലാക്കി. പിടിവലി ബഹളത്തിനിടയിൽ ഒരാൾ ഓടിവന്നതും മൂന്ന് പേരും സെക്കന്‍റുകൾക്കിടയിൽ ഓടിമറഞ്ഞു"- ധനസുമോദ് പറഞ്ഞു.
പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. ഗുണ്ടാ സംഘത്തിന്റെ അക്രമത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എ.എ റഹീം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കെ സുധാകരൻ ഡൽഹി പൊലീസ് കമ്മീഷണർക്കും കത്ത് നൽകിയിരുന്നു.