പാര്‍ഥ ചാറ്റര്‍ജിക്ക് തിരിച്ചടിയായി മെഡിക്കല്‍ റിപ്പോര്‍ട്ട്; കസ്റ്റഡിയില്‍ വാങ്ങാന്‍ ഇ.ഡി നീക്കം
അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല എന്ന മമത ബാനർജിയുടെ പ്രസ്താവന വന്നത് പോലും എയിംസ് റിപ്പോർട്ട് പ്രതികൂലമായതോടെയാണ്
കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായി എയിംസ് റിപ്പോർട്ട്. അറസ്റ്റിലായ ബംഗാൾ മന്ത്രിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി. പാർഥ ചാറ്റർജിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമാക്കി.
അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല എന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവന വന്നത് പോലും എയിംസ് റിപ്പോർട്ട് പ്രതികൂലമായതോടെയാണ്. നെഞ്ചു വേദനയെ തുടർന്ന് ഇ.ഡി കസ്റ്റഡിയിൽ നിന്നും ആശുപത്രിയിൽ എത്തിയ ബംഗാൾ മന്ത്രി പാർഥ ചാറ്റർജിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് എയിംസിലെ ഡോക്ടർമാരുടെ സംഘം പറയുന്നത്. ബംഗാൾ ആശുപത്രിയിൽ അന്വേഷണ സംഘത്തോട് പാർഥ ചാറ്റർജി സഹകരിക്കാത്തതിനാൽ അദ്ദേഹത്തെ ആശുപത്രി മാറ്റണം എന്നാവശ്യപ്പെട്ടത് ഇ.ഡി ആണ്. കൊൽക്കത്ത ഹൈക്കോടതിയാണ് ആവശ്യം അംഗീകരിച്ച് ഭുവനേശ്വർ എയിംസിലേക്ക് അദ്ദേഹത്തെ മാറ്റിയതും വൈദ്യ പരിശോധന നടത്താൻ നിർദേശിച്ചതും.
മെഡിക്കൽ റിപ്പോർട്ട് എതിരായ സാഹചര്യത്തിൽ 14 ദിവസത്തേക്ക് പാർഥ ചാറ്റർജിയെയും അനുയായി അർപ്പിത മുഖർജിയെയും കസ്റ്റഡിയിൽ വാങ്ങാനുള്ള ഇ.ഡി നീക്കത്തിന് അനുകൂല നിലപാട് ആകും കോടതിയിൽ നിന്നുണ്ടാവുക. അതേസമയം അറസ്റ്റിന് തൊട്ടുപിന്നാലെ മമതയെ മൂന്ന് വട്ടം ഫോണിൽ വിളിച്ച പാർഥ ചാറ്റർജിയുടെ നീക്കത്തിൽ ബി.ജെ.പി സംശയം ആവർത്തിച്ചു. മമതയ്ക്ക് അധ്യാപക നിയമന അഴിമതിയിൽ പങ്കുണ്ട് എന്നാണ് ബി.ജെ.പി ഉന്നയിക്കുന്ന ആരോപണം. എന്നാൽ അറസ്റ്റ് നടന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും മമത പ്രതികരണവുമായി രംഗത്ത് എത്തിയതിൽ തൃണമൂൽ കോൺഗ്രസിന് ആശ്വാസമുണ്ട്.