ഇതാ അബ്ബാസ്, മോദിയുടെ ബാല്യകാല സുഹൃത്ത്; അദ്ദേഹം ഇന്ത്യയിലില്ല!
അബ്ബാസ് എന്ന 'കഥാപാത്ര'ത്തെ കുറിച്ചുള്ള നിരവധി കഥകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു
ന്യൂഡൽഹി: അമ്മ ഹീരാ ബെന്നിന്റെ നൂറാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിയ കുറിപ്പിൽ പരാമർശിക്കപ്പെട്ട അബ്ബാസ് എന്ന ബാല്യകാല സുഹൃത്തിനെ തേടിയുള്ള നെട്ടോട്ടത്തിലായിരുന്നു മാധ്യമങ്ങൾ. ചുരുങ്ങിയ സമയത്തിനുള്ളില്‍ അബ്ബാസ് എന്ന 'കഥാപാത്ര'ത്തെ കുറിച്ചുള്ള നിരവധി കഥകൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയും ചെയ്തു. ഇപ്പോഴിതാ, പ്രധാനമന്ത്രിയുടെ ബാല്യകാല സുഹൃത്തിനെ കണ്ടെത്തിയിരിക്കുകയാണ് മാധ്യമങ്ങൾ.
പ്രധാനമന്ത്രിയുടെ സഹോദരങ്ങളാണ് അബ്ബാസിന്റെ ചിത്രം കണ്ട് അത് അദ്ദേഹം തന്നെയാണ് എന്ന് തിരിച്ചറിഞ്ഞത്. അബ്ബാസ് ഇപ്പോൾ ഇന്ത്യയിലില്ല, ആസ്‌ത്രേലിയയിലാണ് താമസിക്കുന്നതെന്ന് സഹോദരങ്ങള്‍ പറയുന്നു. ഗുജറാത്ത് സർക്കാറിലെ ക്ലാസ് ടു ജീവനക്കാരനായിരുന്നു ഇദ്ദേഹം. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് സർവീസിൽനിന്ന് വിരമിച്ചത്. ഭക്ഷ്യ സിവിൽ സപ്ലൈസ് ഡിപ്പാർട്‌മെന്റിലെ ജീവനക്കാരനായിരുന്നു- ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഡേ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
അബ്ബാസിന് രണ്ടു മക്കളാണുള്ളത്. മൂത്ത മകൻ മെഹ്‌സാന ജില്ലയിലെ ഖേരാലുവിലാണ് താമസിക്കുന്നത്. ചെറിയ മകൻ ആസ്‌ത്രേലിയയിലും. ചെറിയ മകനൊപ്പമാണ് ഇപ്പോൾ അബ്ബാസുള്ളത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അറുപത്തിനാലുകാരനായ ഇദ്ദേഹം ആസ്ത്രേലിയയിലേക്ക് തിരിച്ചത്.
അബ്ബാസിനെ കുറിച്ച് മോദി
'മറ്റുള്ളവരുടെ ആഹ്ളാദങ്ങളിൽ അമ്മ സന്തോഷം കണ്ടെത്തിയിരുന്നു. ഞങ്ങളുടെ വീട് ചെറുതായിരുന്നെങ്കിലും അവരുടെ ഹൃദയം വിശാലമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിനടുത്ത് അച്ഛന്റെ സുഹൃത്ത് താമസിച്ചിരുന്നു. അസമയത്തുള്ള അദ്ദേഹത്തിന്റെ മരണശേഷം എന്റെ അച്ഛൻ സുഹൃത്തിന്റെ മകൻ, അബ്ബാസിനെ വീട്ടിൽ കൊണ്ടുവന്നു. ഞങ്ങൾക്കൊപ്പം താമസിച്ചാണ് അവൻ പഠനം പൂർത്തിയാക്കിയത്. ഞങ്ങൾ സഹോദരങ്ങളോടെന്ന പോലെ അമ്മയ്ക്ക് അവനോട് വാത്സല്യവും കരുതലുമുണ്ടായിരുന്നു. എല്ലാ വർഷവും പെരുന്നാളിൽ അമ്മ അവന് ഇഷ്ടപ്പട്ട ഭക്ഷണം പാചകം ചെയ്തു കൊടുത്തു. ആഘോഷങ്ങളിൽ അടുത്തുള്ള വീട്ടിലെ കുട്ടികളെല്ലാം ഞങ്ങളുടെ വീട്ടിലെത്തി അമ്മയുടെ പ്രത്യേക വിഭവങ്ങൾ ആസ്വദിക്കുമായിരുന്നു' - സ്വന്തം ബ്ലോഗില്‍ മോദി എഴുതി.
അമ്മ എന്ന പേരിൽ ശനിയാഴ്ചയാണ് ബ്ലോഗ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. അമ്മ നിഘണ്ടുവിലെ വെറുമൊരു വാക്കല്ലെന്നും സ്‌നേഹം, ക്ഷമ, വിശ്വാസം തുടങ്ങി ഒരുപാട് വികാരങ്ങളുടെ സമ്മേളനമാണ് എന്നും പറഞ്ഞാണ് പ്രധാനമന്ത്രി കുറിപ്പ് ആരംഭിക്കുന്നത്. അമ്മ കുട്ടികൾക്ക് ജന്മം നൽകുക മാത്രമല്ല, അവരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും പരുവപ്പെടുത്തുകയും ചെയ്യുന്നു. ഇതിനായി സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നു- മോദി എഴുതുന്നു.
'ഇന്നത്തേതുമായി താരതമ്യം ചെയ്യുമ്പോൾ അമ്മയുടെ കുട്ടിക്കാലം അങ്ങേയറ്റം പ്രാരാബ്ധങ്ങൾ നിറഞ്ഞതായിരുന്നു. വട്‌നഗറിൽ ഞങ്ങളുടെ കുടുംബം ഒരു ജനൽ പോലുമില്ലാത്ത വീട്ടിലാണ് താമസിച്ചിരുന്നത്. ടോയ്‌ലറ്റും ബാത്ത് റൂമും ആഡംബരം. അമ്മയും അച്ഛനും ഞാനും സഹോദരങ്ങളും ആ വീട്ടിലാണ് കഴിഞ്ഞത്. നാലു മണിക്ക് അച്ഛൻ ജോലിക്ക് പോകും. പ്രദേശത്തെ അമ്പലത്തിൽ പ്രാർത്ഥിച്ചാണ് ചായക്കട തുറന്നിരുന്നത്.' - പ്രധാനമന്ത്രി എഴുതി.
'വീട്ടുചെലവുകൾ നവൃത്തിച്ചു കിട്ടാനായി അടുത്ത വീട്ടിലെ പാത്രങ്ങൾ കഴുകിയിരുന്നു അമ്മ. അധിക വരുമാനത്തിന് വേണ്ടി ചർക്കയിൽ നൂൽ നെയ്തു. മറ്റുള്ളവരെ ഒരിക്കൽ പോലും ആശ്രയിച്ചില്ല. മഴക്കാലം വരുമ്പോഴാണ് മൺവീടിലെ ബുദ്ധിമുട്ട് ആരംഭിക്കുക. എന്നാൽ അതൊന്നും അമ്മ അറിയിക്കാതിരിക്കാൻ ശ്രദ്ധിച്ചു. മഴയത്ത് വീട് ചോർന്നിരുന്നു. വീട്ടിൽ നിറയെ വെള്ളമായിരിക്കും. മഴവെള്ളം ബക്കറ്റും പാത്രങ്ങളും വെച്ചാണ് അമ്മ ശേഖരിച്ചിരുന്നത്. അടുത്ത കുറച്ചു ദിവസത്തേക്ക് ഈ വെള്ളമാണ് അമ്മ ഉപയോഗിക്കാൻ എടുക്കുക. ജലസംരക്ഷണത്തിന് ഇതിലും വലിയ ഉദാഹരണമേതാണ്!'- മോദി കൂട്ടിച്ചേർത്തു.