പ്രധാനമന്ത്രിയുടെ റാലിക്ക് അനുമതി നിഷേധിച്ച് മേഘാലയ; അദ്ദേഹത്തെ തടയാനാകില്ലെന്ന് ബിജെപി

മേഘാലയയിൽ ബിജെപിയുടെ തരംഗം തടയാനുള്ള ശ്രമമാണെന്ന് നേതാക്കള്‍

Update: 2023-02-20 07:39 GMT
Editor : Lissy P | By : Web Desk
Advertising

തുറ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ദക്ഷിണ തുറയിലെ പിഎ സാങ്മ സ്റ്റേഡിയത്തിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലിക്ക് അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ. ഫെബ്രുവരി 24 നായിരുന്നു ഷില്ലോങ്ങിലും തുറയിലും പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നടക്കേണ്ടിയിരുന്നത്.

എന്നാൽ, സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇത്രയും വലിയ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ കഴിയില്ലെന്ന് കായിക വകുപ്പ് അറിയിച്ചു. സ്‌റ്റേഡിയത്തിൽ നിർമാണ ആവശ്യങ്ങൾക്കായി കൊണ്ടുവന്ന സാമഗ്രികൾ സുരക്ഷാ പ്രശ്‌നങ്ങൾക്ക് കാരണമായേക്കുമെന്നും കായിക വകുപ്പ് ചൂണ്ടിക്കാട്ടി.

അതിനാൽ, അലോത്‌ഗ്രെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബദൽ വേദി പരിഗണിക്കുകയാണെന്ന് ജില്ലാ ഇലക്ടറൽ ഓഫീസർ സ്വപ്നിൽ ടെംബെ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. വേദി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻനിശ്ചയിച്ച പ്രകാരം റാലി നടത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറിയും വടക്കുകിഴക്കൻ ജോയിന്റ് ഇൻചാർജുമായ ഋതുരാജ് സിൻഹ പറഞ്ഞു.

'മേഘാലയയിലെ ജനങ്ങളോട് സംസാരിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചുകഴിഞ്ഞു. ഒന്നിനും അദ്ദേഹത്തെ തടയാനാകില്ല. സ്‌റ്റേഡിയം ഡിസംബർ 16 നാണ് മുമ്പാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷം പ്രധാനമന്ത്രിയുടെ റാലിക്ക് സ്റ്റേഡിയം വിട്ടുതരില്ലെന്ന് എങ്ങനെ പ്രഖ്യാപിക്കുമെന്നും' ഋതുരാജ് സിൻഹ ചോദിച്ചു.

'കോൺറാഡ് സാംഗ്മയ്ക്കും മുകുൾ സാംഗ്മയ്ക്കും ബിജെപിയെ പേടിയുണ്ടോ? മേഘാലയയിൽ ബിജെപിയുടെ തരംഗം തടയാൻ അവർ ശ്രമിക്കുന്നു. നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ റാലി തടയാൻ ശ്രമിക്കാം, എന്നാൽ സംസ്ഥാനത്തെ ജനങ്ങൾ അവരുടെ മനസ്സിൽ ബിജെപിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.

തീരുമാനിച്ച സമയത്ത് തന്നെ പ്രധാനമന്ത്രി റോഡ് ഷോ നടത്തുമെന്ന് ബിജെപിയുടെ മേഘാലയ തെരഞ്ഞെടുപ്പ് കമ്മിറ്റി കോ-കൺവീനർ രൂപം ഗോസ്വാമി പറഞ്ഞു. പാർട്ടി അതിനായി ബദൽ വേദി തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 27നാണ് നാഗാലാൻഡിനൊപ്പം മേഘാലയയും തെരഞ്ഞെടുപ്പ് നടക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മാർച്ച് 2 ന് പ്രഖ്യാപിക്കും. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News