ബി.ജെ.പി ഹിജാബിൽ നിർത്തില്ല, എല്ലാ മുസ്ലിം ചിഹ്നങ്ങളെയും അവർ തുടച്ചുനീക്കും: മെഹ്ബൂബ മുഫ്തി
ഹിജാബ് വിവാദത്തിൽ ബി.ജെ.പി യെ കടന്നാക്രമിച്ച് മെഹ്ബൂബ മുഫ്തി
കർണാടകയിലെ ഹിജാബ് വിവാദത്തിൽ ബി.ജെ.പി യെ കടന്നാക്രമിച്ച് ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഹിജാബ് മാത്രമല്ല എല്ലാ മുസ്ലിം ചിഹ്നങ്ങളേയും തുടച്ചുനീക്കലാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.
"സംഘ്പരിവാറിന്റെ ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് ഇന്ത്യക്കാർ മാത്രമായാൽ പോര.ബി.ജെ.പി യെ പിന്തുണക്കുക കൂടെ വേണം. ഹിജാബിൽ ഇക്കൂട്ടർ അവസാനിപ്പിക്കുമെന്ന് തോന്നുന്നില്ല. മുഴുവൻ മുസ്ലിം ചിഹ്നങ്ങളേയും ഇവര്‍ ഇതുപോലെ തുടച്ചുനീക്കും". മെഹ്ബൂബ പറഞ്ഞു.
ഉഡുപ്പി ജില്ലയിലെ ഗവൺമെന്‍റ് ഗേൾസ് പിയു കോളജിലെ ആറ് വിദ്യാർഥിനികൾ ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസുകളിൽ കയറ്റാത്തതിനെ തുടർന്നാണ് കർണാടകയിൽ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് കർണാടകയിലുടനീളവും രാജ്യത്തിനകത്തേക്കും പുറത്തേക്കും പ്രതിഷേധങ്ങൾ വ്യാപിക്കുകയായിരുന്നു.
ഹിജാബ് നിരോധനത്തെ പിന്തുണച്ച് ഉഡുപ്പിയിലും മറ്റിടങ്ങളിലും ചില വിദ്യാർഥികൾ കാവി ഷാളുകളുമായി ക്ലാസ് മുറികളിലേക്ക് പ്രവേശിച്ചതോടെ സംഘർഷം കൂടുതൽ വഷളായി. ഹിജാബ് നിരോധനത്തെ സംബന്ധിച്ച് വിധി വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി വിലക്കിയിരുന്നു. ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹരജികളിൽ വാദം കേൾക്കുന്നത് ഇന്നും തുടരും.