പിഎന്‍ബി തട്ടിപ്പ്; മെഹുല്‍ ചോക്സിയുടെ 2500 കോടിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യും
പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ആസ്തി തിരിച്ചുകിട്ടാനുള്ള അപേക്ഷയിലാണ് ലേലം അനുവദിക്കാനുള്ള കോടതി തീരുമാനം
ഡല്‍ഹി: 13,000 കോടി രൂപയുടെ പിഎൻബി വായ്പ തട്ടിപ്പ് കേസിൽ ഒളിവില്‍ കഴിയുന്ന രത്ന വ്യാപാരി മെഹുല്‍ ചോക്സിയുടെ 2,565.9 കോടിയുടെ സ്വത്തുക്കള്‍ ലേലം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു. മുംബൈ ആസ്ഥാനമായുള്ള പ്രത്യേക പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്റ്റ് (പിഎംഎൽഎ) കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടിയെന്ന് ഫെഡറൽ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ആസ്തി തിരിച്ചുകിട്ടാനുള്ള അപേക്ഷയിലാണ് ലേലം അനുവദിക്കാനുള്ള കോടതി തീരുമാനം. ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക പിഎൻബിയുടെയും ഐസിഐസിഐ ബാങ്കിൻ്റെയും സ്ഥിരനിക്ഷേപമായി സൂക്ഷിക്കുമെന്ന് ഇഡി അറിയിച്ചു. 2018ല്‍ ചോക്സിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. സാന്താക്രൂസിലെ ഖേനി ടവറിലെ ഏകദേശം 27 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റുകളും അന്ധേരി ഈസ്റ്റിലെ 98.03 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്വത്തുക്കളും ലേലം ചെയ്യപ്പെടുന്ന ആദ്യ ബാച്ച് ആസ്തികളിൽ ഉൾപ്പെടുന്നു.
ഇന്ത്യയില്‍ മാത്രം നാലായിരത്തിലേറെ ശാഖകളുള്ള ഗീതാഞ്ജലി ജ്വല്ലറിയുടെ ഉടമയാണ് മെഹുല്‍ ചോക്സി. പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളില്‍ നിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് മെഹുല്‍ ചോക്സിയും അനന്തരവന്‍ നീരവ് മോദിയും തിരിച്ചടക്കാതെ രാജ്യം വിടുകയായിരുന്നു. പിഎന്‍ബി തട്ടിപ്പ് മാധ്യമങ്ങള്‍ അറിയുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പ് മെഹുല്‍ ചോക്സി ഇന്ത്യ വിട്ടിരുന്നു. ചികിത്സക്കെന്നും പറഞ്ഞാണ് 2018 ജനുവരിയില്‍ യുഎസിലേക്ക് പോയത്. പിന്നീട് യുഎസില്‍ നിന്ന് ആന്‍റിഗ്വയിലേക്ക് കടന്ന് ആന്‍റിഗ്വ നിയമപ്രകാരം നിശ്ചിത തുക നല്‍കി പൗരത്വം നേടി. മോദി സര്‍ക്കാരിന്‍റെ ഒത്താശയോടെയാണ് ഇരുവരും തട്ടിപ്പ് നടത്തിയതും രാജ്യം വിട്ടതെന്നും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
സാമ്പത്തിക കുറ്റവാളിയായ ചോക്സിയെ കൈമാറണമെന്ന് ആന്‍റിഗ്വയോട് ഇന്ത്യ പലതവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയിരിക്കെ ബോട്ടില്‍ ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 2021 മേയില്‍ ചോക്സി ഡൊമിനിക്കയില്‍ നിന്നും പിടിയിലായി. നിലവില്‍ ഡൊമിനിക്കയിലാണ് ചോക്സിയുള്ളത്. ഇതുവരെ മൂന്ന് കുറ്റപത്രങ്ങളാണ് ചോക്സിക്കെതിരെ ഇഡി സമർപ്പിച്ചത്.