കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് മകനും മകളും സന്ന്യാസം സ്വീകരിച്ചു; മക്കളുടെ പാത പിന്തുടർന്ന് വജ്രവ്യാപാരിയും ഭാര്യയും
പ്രതിവർഷം 15 കോടി രൂപയുടെ വാര്‍ഷിക വരുമാനമായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്
സൂറത്ത്: കോടികളുടെ സമ്പത്തും ആഡംബര ജീവിതതവും ഉപേക്ഷിച്ച് ഗുജറാത്തിലെ പ്രമുഖ വജ്രവ്യാപാരി ദമ്പതികൾ സന്ന്യാസം സ്വീകരിച്ചു. വജ്രവ്യാപാരിയായ ദിപേഷ് ഷായും ഭാര്യ പിക്കയുമാണ് സന്ന്യാസം സ്വീകരിച്ചത്. അഞ്ച് വർഷം മുമ്പ് ഇവരുടെ 12 വയസുള്ള മകൻ ഭാഗ്യരത്ന വിജയ്ജി, എന്ന ഭവ്യ ഷാ ആഡംബര ജീവിതം ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ചിരുന്നു. 10 വർഷം മുമ്പ് ഇവരുടെ മകളും സന്ന്യാസം സ്വീകരിച്ചിരുന്നു. ഇപ്പോൾ മക്കളുടെ പാത പിന്തുടർന്ന് സന്ന്യാസ ജീവിതം സ്വീകരിക്കാനായി ആഡംബര ജീവിതവും ഭീമമായ വാർഷിക ശമ്പളവുമടക്കം ഭീമമായ സമ്പത്താണ് ഈ കുടുംബം ഉപേക്ഷിച്ചത്. പ്രതിവർഷം 15 കോടി രൂപയായിരുന്നു ഇരുവരും സമ്പാദിച്ചിരുന്നത്.
ഷായുടെ മകൻ ഭാഗ്യരത്ന മാതാപിതാക്കളുടെ ദീക്ഷ ചടങ്ങിന് എത്തിയിരുന്നു. ഭൗതിക സമ്പത്തും ആഡംബര ജീവിതവും ഉപേക്ഷിച്ച് മറ്റ് സന്യാസിമാരോടൊപ്പം കിലോമീറ്ററുകൾ നടന്ന് സന്യാസ ജീവിതം നയിക്കാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു. സന്ന്യാസ ജീവിതം നയിക്കുന്നതിന്റെ ഭാഗമായി ദിപേഷ് ഷാ ഇതിനകം കാല്‍നടയായി 350 കിലോമീറ്റർ നടന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ പിക്ക സ്ത്രീ സന്യാസിമാർക്കൊപ്പം 500 കിലോമീറ്ററും നടന്നിട്ടുണ്ട്.
മകൾ ദീക്ഷ സ്വീകരിച്ചപ്പോൾ തന്നെ സന്ന്യാസം സ്വീകരിക്കാൻ ആഗ്രഹിച്ചിരുന്നെന്ന് ദിപേഷ് ഷാ പറഞ്ഞതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഞാൻ സമ്പത്തും വിജയവും സമ്പാദിച്ചു, പക്ഷേ ആത്യന്തികമായ സമാധാനവും സന്തോഷവും തേടിവന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചസാര വ്യാപാരിയായ ദിപേഷിന്റെ പിതാവും നേരത്തെ ആത്മീയ ജീവിതം നയിച്ചിരുന്നു.
ഈ വർഷം ആദ്യം ഗുജറാത്തിലെ കോടീശ്വരനായ വജ്രവ്യാപാരി ധനേഷ് സാംഗ്വിയുടെയും ആമി സാംഗ്വിയുടെയും മകളായ ദേവാൻഷി സന്ന്യാസം സ്വീകരിച്ചിരുന്നു. സമ്പന്ന കുടുംബത്തിലെ ഇളംമുറക്കാരിയായ ദേവാൻഷി എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ചാണ് സന്ന്യാസം സ്വീകരിച്ചത്