പഠിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ 16കാരൻ 13കാരനെ കഴുത്തുഞെരിച്ച് കൊന്നു
കളിക്കാൻ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു
ലക്നൗ: പഠിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ 16കാരൻ അയൽവാസിയായ 13കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പഠിക്കാൻ ആവശ്യപ്പെട്ട് മാതാപിതാക്കൾ നിരന്തരം സമ്മർദ്ദം ചെലുത്തിയതാണ് പ്രകോപനത്തിന് കാരണമെന്ന് കുട്ടി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഡൽഹി- മീററ്റ് എക്സ്പ്രസ് വേയിൽ റോഡരികിൽ നിന്നാണ് 13കാരന്റെ മൃതദേഹം കണ്ടെത്തിയത്. കളിക്കാൻ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. 16കാരനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിനുള്ള കാരണം വ്യക്തമായതെന്ന് പൊലീസ് പറയുന്നു. പഠിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ കുറ്റകൃത്യം ചെയ്യാനുള്ള തീരുമാനത്തിൽ കുട്ടി എത്തിച്ചേരുകയായിരുന്നു. പഠിക്കാൻ ആവശ്യപ്പെട്ടുള്ള വീട്ടുകാരുടെ സമ്മർദ്ദത്തിൽ നിന്ന് രക്ഷപ്പെടാനാണ് കുട്ടി കടുംകൈ ചെയ്തതെന്നും പൊലീസ് പറഞ്ഞു.
ആറുമാസമായി മാതാപിതാക്കളിൽ നിന്ന് രക്ഷപ്പെടാൻ കുട്ടി പോംവഴി തേടുകയായിരുന്നു. തുടർന്ന് അയൽവാസിയായ 13കാരനെ കൊല്ലാൻ 16കാരൻ തീരുമാനിച്ചു. കഴിഞ്ഞ മൂന്നുദിവസമായി എക്സ്പ്രസ് വേയിലേക്ക് കൂടെ വരാൻ അയൽവാസിയോട് 16കാരൻ ആവശ്യപ്പെട്ട് വരികയായിരുന്നു. എക്സ്പ്രസ് വേയിലേക്ക് കൂടെ വന്ന സമയത്താണ് 16കാരൻ കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ വിവിധ വകുപ്പുകൾ അനുസരിച്ച് 16കാരനെതിരെ കേസെടുത്തിട്ടുണ്ട്.