അറസ്റ്റ് ചെയ്യുമ്പോൾ തലപ്പാവ് ധരിക്കാൻ അനുവദിച്ചില്ല; തജിന്ദർ ബഗ്ഗയുടെ പരാതിയിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി
ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്ന് കമ്മീഷൻ പഞ്ചാബ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു
മൊഹാലി : പഞ്ചാബ് പൊലീസിനെതിരായ ബിജെപി വക്താവ് തജീന്ദർ ബഗ്ഗയുടെ പരാതിയിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി. അറസ്റ്റ് ചെയ്യുമ്പോൾ ബഗ്ഗയെ തലപ്പാവ് ധരിക്കാൻ അനുവദിച്ചില്ലെന്ന പരാതിയിലാണ് റിപ്പോർട്ട് തേടിയത്. 7 ദിവസത്തിനകം മറുപടി നൽകണമെന്ന് കമ്മീഷൻ പഞ്ചാബ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
കേസ് ചൊവ്വാഴ്ച പരിഗണിക്കുന്നത് വരെ ബഗ്ഗയ്‌ക്കെതിരെ കടുത്ത നടപടി പാടില്ലെന്ന് അർധരാത്രി ഉത്തരവിറക്കിയ ഹൈക്കോടതിക്കും തലപ്പാവ് അനുവദിച്ചില്ലെന്ന വിഷയത്തിൽ ഇടപെട്ട ന്യൂനപക്ഷ കമ്മീഷനും ബഗ്ഗ നന്ദി അറിയിച്ചു. തലപ്പാവ് ധരിക്കാതെ താൻ പുറത്തിറങ്ങാറില്ലെന്നും തലപ്പാവ് അണിയാൻ സമയം അനുവദിക്കാതിരുന്നത് മതാചാര ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന് ബഗ്ഗ പരാതി നൽകിയത്.
ബഗ്ഗയെ അറസ്റ്റ് ചെയ്യാൻ മോഹാലി കോടതി ഇന്നലെ വൈകുന്നേരം വാറന്റ് പുറപ്പെടുവിച്ചതോടെയാണ് വീണ്ടും പ്രശ്‌നങ്ങൾ തുടങ്ങിയത്.അപകടം മണുത്തറിഞ്ഞ ബഗ്ഗ രാത്രി തന്നെ ഹൈക്കോടതിയിലെത്തുകയായിരുന്നു. രാത്രി 11.30 ന് ജെസ്റ്റിസ് അനൂപ് ചിത്രകാര,കേസ് കേൾക്കാൻ തയാറായി. രാഷ്ട്രീയ വൈരാഗ്യത്തിന് പുറത്താണ് അറസ്റ്റ് എന്ന ബഗ്ഗയുടെ വാദം പരിഗണിച്ചു. കേസ് ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് ഉത്തരവിടുകയായിരുന്നു.
ന്യൂനപക്ഷ കമ്മീഷൻ ഇടപെടൽ കൂടിയായതോടെ പഞ്ചാബ് പൊലീസ് പ്രതിരോധത്തിലായിരിക്കുകായാണ്. ഡൽഹി പൊലീസിനെ അറിയിച്ച് പ്രോട്ടോക്കോൾ പാലിച്ച ശേഷമാണ് ബഗ്ഗയെ അറസ്റ്റ് ചെയ്തത് എന്ന വാദമായിരിക്കും പഞ്ചാബ് പൊലീസ് ചൊവ്വാഴ്ച കോടതിയെ ബോധ്യപ്പെടുത്തുക. താൽക്കാലിക ആശ്വാസം ലഭിച്ചെങ്കിലും അരവിന്ദ് കേജ്രിവാളിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ അഞ്ച് തവണ സമൻസ് അയച്ചിട്ടും മൊഹാലി കോടതിയിൽ ഹാജരായില്ല എന്നത് ബഗ്ഗയ്ക്ക് ഭാവിയിൽ തിരിച്ചടിക്ക് സാധ്യതെയുണ്ടെന്നു നിയമവിദഗർ ചൂണ്ടിക്കാട്ടുന്നു.
അറസ്റ്റിലെ നാടകീയ രംഗങ്ങൾ
മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന അറസ്റ്റ് വിവാദത്തിനു പിന്നാലെ തജിന്ദർ ബഗ്ഗയെ ചൊല്ലി പഞ്ചാബിൽ ഇന്നലെ അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. ബഗ്ഗയെ അറസ്റ്റ് ചെയ്യാൻ മോഹാലി കോടതി ഇന്നലെ വൈകുന്നേരം വാറന്റ് പുറപ്പെടുവിച്ചതാണ് തുടക്കം. ബഗ്ഗ കേസ്, പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് നേരത്തേ മാറ്റിവച്ചെങ്കിലും, അപ്രതീക്ഷിതമായിരുന്നു വൈകിട്ട് മോഹാലി കോടതിയുടെ നടപടി. ഇതോടെ ബഗ്ഗയെ വീണ്ടും അറസ്റ്റ് ചെയ്യാൻ പഞ്ചാബ് പൊലീസ് നീക്കം തുടങ്ങി. അപകടം മണത്ത ബഗ്ഗ, രാത്രി തന്നെ ഹൈക്കോടതിയിലെത്തി. രാത്രി 11.30 ന് ജസ്റ്റിസ് അനൂപ് ചിത്രകാര കേസ് കേൾക്കാൻ തയാറായി. തന്നെ അറസ്റ്റ് ചെയ്യുക മാത്രമാണ് പ്രോസിക്യൂഷന്റെ ഉദ്ദേശമെന്ന് ബഗ്ഗ കുറ്റപ്പെടുത്തി. ഒരു മാധ്യമചർച്ചയ്ക്കിടെ നടത്തിയ പ്രസ്താവനയുടെ പേരിലാണ് ആരോപണമെന്ന് ബഗ്ഗയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അനിൽ മേത്ത വാദിച്ചു. രാഷ്ട്രീയ വൈരാഗ്യം തീർക്കാനായി പഞ്ചാബ് സർക്കാർ, ഭരണ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണെന്നും ബഗ്ഗ ചൂണ്ടിക്കാട്ടി. ഇതോടെ ബഗ്ഗയുടെ അറസ്റ്റ് പാടില്ലെന്ന് രാത്രി 12 മണിയോടെ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബ് സർക്കാർ ഒരുഭാഗത്തും ഡൽഹി പൊലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരും ഹരിയാനായിലെ ബിജെപി സർക്കാരും മറുഭാഗത്തുമായി നടത്തുന്ന രാഷ്ട്രീയ വടംവലി മുറുകികൊണ്ടിരിക്കെയാണ് നാടകീയ രംഗങ്ങളുണ്ടായത്. അഞ്ച് തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതോടെയാണ് തജീന്ദർ ബഗ്ഗയെ തേടി പഞ്ചാബ് പൊലീസ് ഡൽഹിയിൽ എത്തിയിരുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ ഉയർത്തിയ ഭീഷണിയാണ് ബഗ്ഗയ്ക്ക് വിനയയായത്. ഡൽഹിയിലെ ജനക് പുരി പൊലീസ് സ്റ്റേഷനിലെത്തി, ഡൽഹി പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ബഗ്ഗയെ പഞ്ചാബിലെ കോടതിയിൽ ഹാജരാക്കി നിയമ നടപടി പൂർത്തിയാക്കാൻ പഞ്ചാബ് പൊലീസിനെ ആദ്യം സഹായിച്ച ഡൽഹി പൊലീസ് പിന്നീടാണ് മാറി ചിന്തിച്ചു തുടങ്ങിയത്.
ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ സമരവുമായി എത്തുകയും ബഗ്ഗയുടെ പിതാവ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ ഡൽഹി പൊലീസ്, പഞ്ചാബ് പൊലീസിന്റെ പിന്നാലെയായി. ഈ സമയത്തിനുള്ളിൽ ബഗ്ഗയുമായുള്ള പൊലീസ് വാഹനം ഡൽഹി അതിർത്തി കഴിഞ്ഞു ഹരിയാനയിൽ എത്തി. കുരുക്ഷേത്രയിൽ വച്ച് ഹരിയാന പൊലീസ് വാഹനം തടഞ്ഞു. അപ്പോഴും നിയമം പഞ്ചാബ് പൊലീസിന്റെ ഭാഗത്ത് തന്നെ ആയിരുന്നു. ബഗ്ഗയുടെ പിതാവിന്റെ ഹരജിയിൽ ഡൽഹി ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചതോടെ ഡൽഹി പൊലീസിന് ഇടപെടാൻ അവസരമായി. അപകടം മനസിലാക്കി ഉടൻ ഹരജിയുമായി പഞ്ചാബ് പൊലീസ്, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി കനിഞ്ഞില്ല.
വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ വസതിയിലെത്തിയായിരുന്നു പൊലീസ് ബഗ്ഗയെ അറസ്റ്റ് ചെയ്തിരുന്നത്. പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെന്നും കിംവദന്തികൾ പ്രചരിപ്പിച്ചുവെന്നും മതപരവും സാമുദായികവുമായ ശത്രുത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഭാരതീയ ജനതാ യുവമോർച്ച (ബി.ജെ.വൈ.എം) ദേശീയ സെക്രട്ടറി കൂടിയായ ബഗ്ഗക്കെതിരെ സണ്ണി സിംഗ് പഞ്ചാബ് സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. മാർച്ച് 30 ന് നടന്ന പ്രതിഷേധത്തിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ബഗ്ഗ ഭീഷണിപ്പെടുത്തിയിരുന്നു. ബഗ്ഗയുടെ മൊഴികളും വീഡിയോ ക്ലിപ്പുകളുമടങ്ങുന്ന രേഖകൾ സണ്ണി പൊലീസിന് കൈമാറിയിരുന്നു.