'പച്ചക്കറി വിലക്കയറ്റത്തിനു കാരണം മിയ മുസ്‌ലിംകൾ'; അധിക്ഷേപവുമായി അസം മുഖ്യമന്ത്രി

അസം യുവാക്കൾ പച്ചക്കറി വിപണിയുടെ നിയന്ത്രണം പിടിച്ചടക്കണമെന്നും മുസ്‌ലിം വ്യാപാരികളെ നഗരത്തിൽനിന്ന് തുടച്ചുനീക്കുമെന്നും ഹിമാന്ത ബിശ്വശർമ പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2023-07-14 11:58 GMT
Editor : Shaheer | By : Web Desk

ഹിമാന്ത ബിശ്വശര്‍മ

Advertising

ഗുവാഹത്തി: വീണ്ടും മുസ്‌ലിംകൾക്കെതിരെ വംശീയാധിക്ഷേപവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ. പച്ചക്കറി വിലക്കയറ്റത്തെ മുസ്‌ലിംകളുമായി ചേർത്തുകെട്ടിയാണ് ഇത്തവണ അധിക്ഷേപം. രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാൻ കാരണം മിയ(ബംഗാളി കുടിയേറ്റക്കാരെ വിശേഷിപ്പിക്കുന്നത്) മുസ്‌ലിംകളാണെന്ന് ഹിമാന്ത ആക്ഷേപിച്ചു.

ഗ്രാമീണ മേഖലയിൽ പച്ചക്കറിക്കു വില കുറവാണെന്ന് ഹിമാന്ത ബിശ്വശർമ വാദിച്ചു. നഗരപ്രദേശങ്ങളിലെത്തുമ്പോഴാണ് വില കൂടുന്നത്. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരിൽ ഭൂരിഭാഗവും മിയകളാണെന്നും അദ്ദേഹം ആരോപിച്ചു.

അസമുകാരിൽനിന്ന് വൻ വിലയാണ് ഇവർ ഈടാക്കുന്നത്. ഗുവാഹത്തിയിലെല്ലാം തദ്ദേശീയ പച്ചക്കറി മാർക്കറ്റുകളുടെ നിയന്ത്രണം മിയകൾ പിടിച്ചടക്കിയിരിക്കുകയാണ്. അസം യുവാക്കളാണ് പച്ചക്കറി വിൽക്കുന്നതെങ്കിൽ നാട്ടുകാരിൽനിന്ന് വില കൂട്ടി വാങ്ങില്ല-ഹിമാന്ത പറഞ്ഞു.

അസം യുവാക്കൾ മുന്നോട്ടുവന്ന് പച്ചക്കറി വിപണിയുടെ നിയന്ത്രണം പിടിച്ചടക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അസം യുവാക്കൾ കടന്നുവന്നാൽ മിയ മുസ്‌ലിംകളായ പച്ചക്കറി വ്യാപാരികളെ താൻ നഗരത്തിൽനിന്ന് തുടച്ചുനീക്കുമെന്ന് പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. 'കാബുകൾ മുതൽ ബസുകളിൽ വരെ ഭൂരിപക്ഷവും ഇക്കൂട്ടരുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ പെരുന്നാളിന് ഗുവാഹത്തിലെ മിക്ക റോഡുകളും ഒഴിഞ്ഞുകിടന്നത് നമ്മൾ കണ്ടു. അവരെല്ലാം പെരുന്നാൾ ആഘോഷിക്കുകയായിരുന്നു. അതുകൊണ്ട് ആരും ജോലിക്കെത്തിയില്ല'-ഹിമാന്ത ബിശ്വശർമ ആക്ഷേപിച്ചു.

ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തി ബ്രഹ്മപുത്ര തീരത്ത് താമസമാക്കിയ മുസ്‌ലിംകളാണ് മിയകൾ. മുസ്‌ലിം പുരുഷന്മാരെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന മിയാൻ എന്ന പേർഷ്യൻ വാക്കിൽനിന്നാണ് 'മിയ' വരുന്നതെന്ന അഭിപ്രായമുണ്ട്. പിൽക്കാലത്ത് വംശീയാധിക്ഷേപത്തിനായി മിയ വ്യാപകമായി ഉപയോഗിക്കപ്പെടാറുണ്ട്.

മിയ മുസ്‌ലിംകളും അസമുകാരും സഹോദരങ്ങളാണെന്ന് അടുത്തിടെ എ.ഐ.യു.ഡി.എഫ് നേതാവ് ബദ്‌റുദ്ദീൻ അജ്മൽ പറഞ്ഞിരുന്നു. മുസ്്‌ലിം സമൂഹമില്ലാതെ അസം തന്നെയില്ലെന്നും അസം ജനത പൂർണമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Summary: Miya Muslims responsible for surge in vegetable prices: Assam CM Himanta Biswa Sarma

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News