മിസോറാം നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഡിസംബർ 4ലേക്ക് മാറ്റി
ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മിസോറാമിൽ ഞായറാഴ്ച പ്രത്യേക ദിനമായതിനാൽ ഇത് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു
ന്യൂഡൽഹി: മിസോറാമിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 4 തിങ്കളാഴ്ചത്തേക്ക് മാറ്റി. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മിസോറാമിൽ ഞായറാഴ്ച പ്രത്യേക ദിനമായതിനാൽ ഇത് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. നിവേദനങ്ങളെ തുടർന്നാണ് കമ്മിഷൻ തീരുമാനം.
അതേസമയം നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. ലോക്സഭാ തെരെഞ്ഞെടുപ്പിനു മുന്നേയുള്ള അവസാന നിയമസഭാ തെരെഞ്ഞെടുപ്പ് ആയതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ നിർണായകമാണ് ഈ തെരെഞ്ഞെടുപ്പ് ഫലം..
ഛത്തീസ്‌ഗഡിലെ 20 ഇടത്തായിരുന്നു ആദ്യ വിധിയെഴുത്ത് . അവശേഷിച്ച 70 മണ്ഡലങ്ങളും മധ്യപ്രദേശിലെ 230 ഇടത്തും രണ്ടാം ഘട്ടത്തിലായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിങ് ശ്രീകരൻ പൂർ ഒഴികെ 199 സീറ്റിലേക്ക് രാജസ്ഥാൻ വിധിയെഴുതി . സംസ്ഥാനമായ തെലങ്കാന അന്തിമ ഘട്ടത്തിലാണ് ബൂത്തിലെത്തിയത്. ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയത് ഛത്തീസ്‌ഗഡ് ,രാജസ്ഥാൻ , മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു . എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന് മികച്ച പോരാട്ടം നൽകാനായി.
2018ൽ ഉത്തരേന്ത്യയിലെ വലിയ മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണം പിടിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമായുള്ള കോൺഗ്രസ് എം എൽ എ മാർ ബിജെപിയിൽ ചേർന്നതോടെ മധ്യപ്രദേശിൽ ഭരണം കോൺഗ്രസിന് നഷ്ടമായി.
കമൽ നാഥ് മുഖ്യമന്ത്രിയായ 15 മാസങ്ങൾ മാറ്റിനിർത്തിയാൽ 2008 മുതൽ ബിജെപി ഭരണത്തിൻ കീഴിലാണ് മധ്യപ്രദേശ് . രാജസ്ഥാൻ ,ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ അധികാരം നിലനിർത്തുകയും മധ്യപ്രദേശ് ,തെലങ്കാന എന്നിവിടങ്ങളിൽ ഒറ്റയ്ക്കും മിസോറാമിൽ സഖ്യകക്ഷിയോടൊപ്പവും അധികാരത്തിൽ എത്തുകയാണ് കോൺഗ്രസ് ലക്‌ഷ്യം .
എന്നാൽ ഹിന്ദി ഹൃദയഭൂമിയിലെ മൂന്നു സംസ്ഥാനങ്ങളിൽ വിജയിക്കാൻ കഴിഞ്ഞാൽ സ്വപ്ന തുല്യമായ വിജയമായിരിക്കും എന്ന കണക്ക് കൂട്ടലിലാണ് ബിജെപി.